അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിന് മുന്നോടിയായുള്ള സ്പാനിഷ് ടീമിന്റെ പരിശീലനം ന്യൂ ജേഴ്‌സിയിലെ മോശം കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ചു. ശക്തമായ ഇടിമിന്നൽ കാരണം ഔട്ട്ഡോർ പരിശീലനം ഒഴിവാക്കി ടീം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറി. ഞായറാഴ്ച മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് സ്പെയിൻ-അർജന്റീന ഫൈനൽ പോരാട്ടം.
ന്യൂ ജേഴ്‌സി: അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സ്പാനിഷ് ടീമിന്റെ പരിശീലന സെഷൻ പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നു. ശനിയാഴ്ച പ്രദേശത്തുണ്ടായ ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും കാരണമാണ് പരിശീലനം തടസ്സപ്പെട്ടതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. തുടർന്ന് ഗ്രൗണ്ടിലെ പരിശീലനം ഒഴിവാക്കി കളിക്കാർ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറുകയും വാം-അപ്പ് സെഷനുകൾ അവിടെ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ടീമിന് വീണ്ടും ഔട്ട്ഡോർ ഗ്രൗണ്ടിലിറങ്ങി പൂർണ്ണതോതിലുള്ള പരിശീലനം നടത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ സമയത്ത് അർജൻ്റീനയും ഇതിനടുത്ത് മറ്റൊരു സ്ഥലത്ത് പരിശീലനം നടത്താൻ എത്തിയിരുന്നതായാണ് വിവരം.
സംസ്ഥാനത്ത് ഉടനീളം കടുത്ത കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് ന്യൂജേഴ്‌സി ഗവർണർ മിഷേൽ ഷെറിൽ ശനിയാഴ്ച ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിൻ അർജന്റീനയെ നേരിടും. 2010-ൽ ലോകകിരീടം ചൂടിയ സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് ട്രോഫിയാണ് ലക്ഷ്യമിടുന്നത്. അർജന്റീനയാകട്ടെ തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് അവസാന പോരാട്ടത്തിന് ഇറങ്ങുന്നത്. അർജൻ്റീന തങ്ങളുടെ നാലാമത്തെ കിരീടവുമാണ് സ്വപ്നം കാണുന്നത്. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം നടക്കുക.


