ലോകകപ്പിൽ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ സ്പെയിൻ ഇന്ന് സൗദി അറേബ്യയെ നേരിടും. രാത്രി 9:30-ന് നടക്കുന്ന മത്സരത്തിൽ നോക്കൗട്ട് സാധ്യത നിലനിർത്താൻ സ്പെയിനിന് ജയം അനിവാര്യമാണ്. 

അറ്റ്ലാന്റ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ കേപ് വർദെയോടേറ്റ അപ്രതീക്ഷിത സമനിലയുടെ ഞെട്ടലിൽ നിന്നും മുക്തമാവാത്ത യൂറോ ചാമ്പ്യന്മാരായ സ്‌പെയിൻ ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് എച്ച് ൽ സൗദി അറേബ്യയാണ് സ്‌പെയിനിന്റെ എതിരാളികൾ. ഇന്ന് രാത്രി 9: 30 നാണ് മത്സരം. നോക്ക് ഔട്ട് സ്റ്റേജിലേക്ക് കടക്കണമെങ്കിൽ സ്പെയിനിന്‌ ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ആദ്യ മത്സരത്തിൽ ഉറുഗ്വായ്‌യെ സമനിലയിൽ തലക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സൗദി എത്തുന്നത്. ഗ്രൂപ്പ് എച്ച് ൽ ഇതുവരെ ഒരു ടീമും വിജയിക്കാത്ത സാഹചര്യത്തിൽ ഇന്നത്തെ മത്സരം നിർണായകമാണ്. നിലവിൽ എല്ലാ ടീമുകൾക്കും ഓരോ പോയന്റ് വീതമാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്‌പെയിനിന്റെ മുന്നേറ്റ നിരയിൽ മോശം പ്രകടനമാണ് ടീമിന് ആശങ്ക പകരുന്നത്. മുന്നേറ്റത്തിലെ പ്രധാന താരങ്ങളായ ഒയാർസബാലും, ഫെറാൻ ടോറസും ഫോം കണ്ടത്താത്തതും ആദ്യ കളിയിൽ ലഭിച്ച മികച്ച അവസരങ്ങൾ തുലച്ചുകളഞ്ഞതും ടീമിന് വിനയായിരുന്നു. പരിക്കിൽ നിന്നും മോചിതനായ യുവതാരം ലമീൻ യമാൽ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ ഇടതുവിംഗിൽ നിക്കോ വില്യംസിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നുറപ്പാണ്.

മധ്യനിരയിൽ പെഡ്രി മികച്ച നീക്കങ്ങളും പാസുകളും സൃഷ്ടിക്കുന്നുണ്ടെങ്കിലും റോഡ്രിയുടെയും ഫാബിയാൻ റൂയിസിന്റെയും പ്രകടനം മോശമായതും ആശങ്കയുണർത്തുന്നതാണ്. എന്തായാലും മുന്നേറ്റത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി സൗദി അറേബ്യയുടെ ജയിക്കാൻ തന്നെയാണ് സ്‌പെയ്ൻ കളത്തിലിറങ്ങുന്നത്.