ഗ്രൂപ്പ് ഇയില്‍ സ്ലോവാക്യയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്താണ് സ്‌പെയ്ന്‍ ക്രൊയേഷ്യയുമായുള്ള അംഗത്തിന് യോഗ്യത നേടിയത്. സ്‌പെയ്‌നിനൊപ്പം സ്വീഡന്‍ ഗ്രൂപ്പ് ചാംപ്യന്മാരായും പ്രീ ക്വാര്‍ട്ടറിലെത്തി. 

സെവിയ്യ: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ- സ്‌പെയ്ന്‍ ഗ്ലാമര്‍പോര്. ഗ്രൂപ്പ് ഇയില്‍ സ്ലോവാ്യയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്താണ് സ്‌പെയ്ന്‍ ക്രൊയേഷ്യയുമായുള്ള അംഗത്തിന് യോഗ്യത നേടിയത്. സ്‌പെയ്‌നിനൊപ്പം സ്വീഡന്‍ ഗ്രൂപ്പ് ചാംപ്യന്മാരായും പ്രീ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പില്‍ സ്വീഡന്‍ 3-2ന് പോളണ്ടിനെ തോല്‍പ്പിച്ചു. പോളണ്ട് പുറത്താവുകയും ചെയ്തു. 

സ്ലോവാക്യയ്‌ക്കെതിരായ മത്സരം സ്‌പെയ്‌നിന് നിര്‍ണായക മായിരുന്നു. ആദ്യ മത്സരങ്ങളിലും രണ്ട് പോയിന്റ് മാത്രമാണ് അവര്‍ക്ക ലഭിച്ചിരുന്നത്. ജയത്തില്‍ കുറഞ്ഞതൊന്നും സ്‌പെയ്ന്‍ ആഗ്രഹിച്ചിരുന്നില്ല. അതിന്റെ ഫലം മത്സരത്തില്‍ കാണുകയും ചെയ്തു. അയ്മറിക് ലാപോര്‍ട്ടെ, പാബ്ലോ സറാബിയ, ഫെറാന്‍ ടോറസ് എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്. മറ്റു രണ്ട് ഗോളുകള്‍ സ്ലോവാക്യന്‍ താരങ്ങളുടെ ദാനമായിരുന്നു.

പോളണ്ടിനെതിരെ മത്സരത്തിന്റെ ഇഞ്ചുറി സമയത്താണ് സ്വീഡന്‍ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിലും 59-ാം മിനിറ്റിലും എമില്‍ ഫോര്‍സ്ബര്‍ഗിന്റെ ഗോളിലൂടെ സ്വീഡന്‍ മുന്നിലെത്തി. എന്നാല്‍ 61-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലൂടെ പോളണ്ട് ഒരു ഗോള്‍ തിരിച്ചടിച്ചു. 84-ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കി പോളണ്ടിനെ ഒപ്പമെത്തിച്ചു. എന്നാല്‍ ഇഞ്ചുറി സമയത്ത് വിക്റ്റര്‍ ക്ലാസന്‍ നേടിയ ഗോള്‍ സ്വീഡന് ജയമൊരുക്കി.