മാഡ്രിഡ്: സ്പാനിഷ്  എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ തോൽപിച്ച് ബാഴ്സലോണ സ്പാനിഷ് കിംഗ്സ് കപ്പിന്‍റെ ഫൈനലിലെത്തി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് രണ്ടാം പാദ സെമിയിൽ ബാഴ്സയുടെ ജയം. സാന്റിയാഗോ ബെർണബ്യൂവിൽ നിറഞ്ഞ കാണികളുടെ ആരവത്തിനും റയലിനെ രക്ഷിക്കാനായില്ല.

ഇത്തവണ ഇരട്ടഗോളുമായി തിളങ്ങിയ ലൂയിസ് സുവാരസിന്റെ പ്രകടനമായിരുന്നു ബാഴ്സയുടെ മുന്നേറ്റത്തിൽ നിർണായകമായത്. 50 ആം മിനുട്ടിൽ സുവാരസിലൂടെ ബാഴ്സ ആദ്യ ഗോൾ കണ്ടെത്തി. ബാഴ്സയുടെ മുന്നേറ്റം തടയുന്നതിനിടെ റയൽ പ്രതിരോധ താരം റാഫേൽ വരാന്റെ സെല്‍ഫ് ഗോളില്‍ ബാഴ്സ രണ്ടടി മുന്നിലെത്തി.

73ആം മിനുട്ടിൽ വീണ്ടും സുവാരസ്. ഇത്തവണ പെനാൽറ്റിയിലൂടെ. 14 ഷോട്ടുകൾ ബാഴ്സയുടെ പോസ്റ്റിൽ ഉതിർത്തെങ്കിലും റയൽ താരങ്ങൾക്ക് ഒന്നുപോലും ഗോളാക്കാനായില്ല. രണ്ട് പാദ മത്സരങ്ങളിലുമായി 4-1ന്റെ ജയത്തോടെ ബാഴ്സ ഫൈനലിലേക്ക്.

തുടർച്ചയായ ആറാം തവണയാണ് ബാഴ്സ കിംഗ്സ് കപ്പിന്റെ കലാശപ്പോരാട്ടത്തിനെത്തുന്നത്. റയൽ ബെറ്റിസ്-വലൻസിയ മത്സരത്തിലെ വിജയിയെ മെയ് 25ന് നടക്കുന്ന ഫൈനലിൽ ബാഴ്സലോണ നേരിടും.