അറ്റ്‌ലാന്‍റ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ 4-3-3 ഫോർമേഷനിലാണ് സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്‍റെ ടീമിനെ ഇറക്കിയത്.
ന്യൂയോര്‍ക്ക്: ലോകകപ്പ് ചരിത്രത്തിലെ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് സ്ട്രൈക്കർ മൈക്കൽ ഒയാർസബാൽ. ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ദുർബലരായ കേപ് വെർഡെയ്‌ക്കെതിരെ സ്പെയിൻ ഗോൾരഹിത സമനിലയിൽ കുടുങ്ങിയതിന് പിന്നാലെയാണ് താരത്തെ തേടി ഈ അപ്രതീക്ഷിത റെക്കോർഡെത്തിയത്. മത്സരത്തിന്‍റെ ആദ്യ 30 മിനിറ്റിൽ ഒരു തവണ പോലും പന്ത് തൊടാൻ ഒയാർസബാലിന് സാധിച്ചില്ല. ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് പ്രൊവൈഡർമാരായ 'ഒപ്റ്റ'യുടെ കണക്കുകൾ പ്രകാരം, 1966-ൽ ലോകകപ്പ് മുതല്‍ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം ഒരു താരം ആദ്യ അരമണിക്കൂർ പന്ത് തൊടാതെ മൈതാനത്ത് പൂർണ്ണമായും ഒറ്റപ്പെട്ടുപോകുന്നത് ഇതാദ്യമായാണ്.
കേപ് വെർഡെയുടെ വന്മതിൽ; ഒയാർസബാൽ 'അദൃശ്യനായി'
അറ്റ്‌ലാന്‍റ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ 4-3-3 ഫോർമേഷനിലാണ് സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്‍റെ ടീമിനെ ഇറക്കിയത്. ഗാവി, ഫെറാൻ ടോറസ് എന്നിവർക്കൊപ്പം മുന്നേറ്റനിരയുടെ മധ്യത്തിലായിരുന്നു റയൽ സൊസീദാദിന്‍റെ മുന്നേറ്റനിരക്കാനായ ഒയാർസബാലിന്‍റെ സ്ഥാനം. എന്നാൽ ലോകകപ്പിലെ തങ്ങളുടെ കന്നി മത്സരത്തിനിറങ്ങിയ കേപ് വെർഡെ ഒരുക്കിയ അഞ്ച് പ്രതിരോധ ഭടന്മാരുടെ മതിൽ ഭേദിക്കാൻ സ്പെയിനായില്ല.
റോഡ്രി, പെഡ്രി, ഫാബിയൻ റൂയിസ് എന്നിവരടങ്ങിയ സ്പാനിഷ് മിഡ്ഫീൽഡിൽ നിന്നുള്ള പാസുകളെല്ലാം കേപ് വെർഡെ പ്രതിരോധം കൃത്യമായി മുറിച്ചു. ഇതോടെ ഒയാർസബാൽ മൈതാനത്ത് പൂർണ്ണമായും ഒറ്റപ്പെട്ടുപോവുകയായിരുന്നു. കഴിഞ്ഞ സീസണിൽ സൊസീദാദിനായി 15 ഗോളുകളും 4 അസിസ്റ്റുകളുമായി കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന താരത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്.
27 ഷോട്ടുകൾ ഉതിർത്തിട്ടും തുണയ്ക്കാതെ വിധി
എന്നാല്‍ ആദ്യ അരമണിക്കൂറിലെ ഒറ്റപ്പെടലിന് ശേഷം ഒയാർസബാൽ കളിയിലേക്ക് ശക്തമായി തിരിച്ചുവരികയും ലക്ഷ്യത്തിലേക്ക് അഞ്ച് ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു. എന്നാൽ ഇതൊന്നുപോലും ഗോളാക്കാനായില്ല. ഒന്നാം പകുതിയുടെ അവസാനത്തിൽ ഫെറാൻ ടോറസിന്‍റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയപ്പോൾ ലഭിച്ച റീബൗണ്ടിൽ ഒയാർസബാൽ തൊടുത്ത ഹെഡർ കേപ് വെർഡെയുടെ 40-കാരനായ ഗോൾകീപ്പർ വോസിഞ്ഞ അദ്ഭുതകരമായി രക്ഷപ്പെടുത്തി.
മത്സരത്തിന്‍റെ 88-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വണ്ടർ കിഡ് ലാമിൻ യമാൽ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ഒയാർസബാൽ തൊടുത്ത ഷോട്ട് കേപ് വെർഡെ ഡിഫെൻഡർ പിചോ ലോപ്പസ് ശരീരം കൊണ്ട് തടുത്തുട്ടുകയും ചെയ്തു. രണ്ടാം പകുതിയിൽ പരിക്ക് മാറി വന്ന ലാമിൻ യമാൽ, ഡാനി ഓൽമോ, നിക്കോ വില്യംസ് എന്നിവരെയെല്ലാം കോച്ച് കളത്തിലിറക്കിയെങ്കിലും കേപ് വെർഡെയുടെ പ്രതിരോധം തകർക്കാൻ സ്പെയിന് സാധിച്ചില്ല.
മത്സരത്തിൽ ആകെ 27 ഷോട്ടുകളാണ് സ്പെയിൻ അടിച്ചുകൂട്ടിയത്. എന്നാൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. ആദ്യ മത്സരത്തിൽ തന്നെ വമ്പന്മാരായ സ്പെയിനെ സമനിലയിൽ തളച്ച കേപ് വെർഡെ വലിയ പ്രശംസയാണ് ഫുട്ബോൾ ലോകത്ത് നിന്നും ഏറ്റുവാങ്ങുന്നത്. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ സ്പെയിൻ സൗദി അറേബ്യയെ നേരിടും. കേപ് വെർഡെയുടെ അടുത്ത എതിരാളികൾ ഉറുഗ്വേയാണ്.
