ദില്ലി: ഇന്ത്യൻ കൗമാരം ഇനി കാൽപ്പന്താരവത്തിന് പിന്നാലെ. അറുപതിന്‍റെ നിറവിലെത്തിയ സുബ്രതോ കപ്പിൽ ഇത്തവണ ഏറ്റുമുട്ടുന്നത് നൂറ്റിപ്പന്ത്രണ്ട് ടീമുകൾ. പതിനാല് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികൾക്കും, പതിനേഴ് വയസ്സിൽ താഴെയുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കുമാണ് മത്സരം.

ഇന്ത്യക്ക് പുറത്തുനിന്നുള്ള പതിനാറ് ടീമുകള്‍ പോരാട്ടത്തിനിറങ്ങുന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിൽ നിന്ന് മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. എന്‍ എന്‍ എം ഹയർസെക്കണ്ടറി സ്കൂൾ ചേലംബറ, ജിവി എച്ച് എസ്എസ് നടക്കാവ്, ഗവ.ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ പാലക്കാട് എന്നീ ടീമുകളാണ് കേരളത്തിനായി പോരടിക്കുക.

4 ലക്ഷം രൂപയാണ് സമ്മാനത്തുക. ദില്ലി അംബേദ്കർ സ്റ്റേഡിയത്തിൽ വ്യോമസേനയുടെ അഭ്യാസ പ്രകടനത്തോടെയാണ് ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂർണമെന്‍റിന് തുടക്കമായത്.