ആക്രമണോത്സുകമായ രീതി, പന്തിൻമേലുള്ള മികച്ച നിയന്ത്രണം, ഹൈ ഇന്‍റൻസിറ്റി പ്രെസ്സിംഗ് ശൈലി എന്നിവയിലൂടെ ക്ലബ്ബിന്‍റെ മികച്ച മുന്നേറ്റത്തിന് കളമൊരുക്കാൻ ഡിമാൾഡെയ്ക്ക് സാധിച്ചിട്ടുണ്ട്.
കോഴിക്കോട്: സൂപ്പർ ലീഗ് കേരളയുടെ വരുന്ന സീസണിലും കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്‍റെ മുഖ്യ പരിശീലകനായി അർജന്‍റീനിയൻ പരിശീലകൻ എവർ അഡ്രിയാനോ ഡിമാള്‍ഡെ (39) തുടരും. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഡിമാൾഡെയുടെ പരിശീലനത്തിന് കീഴിലാണ് പുതിയ പോരാട്ടങ്ങൾക്കായി ക്ലബ്ബ് തയ്യാറെടുക്കുന്നത്. സൗദി അറേബ്യൻ ദേശീയ ടീമിന്‍റെയും പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയുടെയും അസിസ്റ്റന്‍റ് കോച്ചായി പ്രവർത്തിച്ച മികച്ച അന്താരാഷ്ട്ര പരിച സമ്പത്ത് ഡിമാൾഡെയ്ക്കുണ്ട്. കൂടാതെ ഹെറേറ എഫ്.സി, എഫ്.സി ഡിലാ, ഇൻഡിപെൻഡിയെന്‍റ റിവാഡാവിയ, അൽ ഹിലാൽ യുണൈറ്റഡ് എന്നീ പ്രമുഖ ക്ലബ്ബുകളെ പരിശീലപ്പിച്ച അദ്ദേഹത്തിന്‍റെ തന്ത്രപരമായ മികവും ആധുനിക ഫുട്ബോൾ ശൈലിയും ഏറെ ശ്രദ്ധേയമാണ്.
പ്രൊഫഷണലിസവും അച്ചടക്കവും വ്യക്തമായ ഒരു ശൈലിയുമാണ് അഡ്രിയാനോ കാലിക്കറ്റ് എഫ്.സിയിലേക്ക് കൊണ്ടുവന്നതെന്ന് കാലിക്കറ്റ് എഫ്.സി ക്ലബ് സിഇഒ കോരത്ത് മാത്യു പറഞ്ഞു. അഡ്രിയാനോയുടെ അന്താരാഷ്ട്ര പരിചയസമ്പത്തും ആധുനിക ഫുട്ബോളിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ക്ലബ്ബിന്‍റെ ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നും മാത്യു പറഞ്ഞു. ആക്രമണോത്സുകമായ രീതി, പന്തിൻമേലുള്ള മികച്ച നിയന്ത്രണം, ഹൈ ഇന്‍റൻസിറ്റി പ്രെസ്സിംഗ് ശൈലി എന്നിവയിലൂടെ ക്ലബ്ബിന്‍റെ മികച്ച മുന്നേറ്റത്തിന് കളമൊരുക്കാൻ ഡിമാൾഡെയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്‍റോടെ ലീഗ് ടേബിളിൽ ഒന്നാമതായാണ് ക്ലബ്ബ് സീസൺ അവസാനിപ്പിച്ചത്.
കാലിക്കറ്റ് എഫ്.സിക്കൊപ്പമുള്ള ഈ യാത്ര തുടരുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഡിമാള്‍ഡെ പറഞ്ഞു. കഴിവുറ്റ ഒരു കൂട്ടം കളിക്കാരും വ്യക്തമായ ലക്ഷ്യങ്ങളും മികച്ച പിന്തുണയുമാണ് ഇവിടെയുള്ളത്. ആരാധകരെ അഭിമാനം കൊള്ളിക്കാനും കിരീടത്തിനായി പൊരുതാനും ഞങ്ങൾ സർവ്വകരുത്തും പുറത്തെടുക്കും അഡ്രിയാനോ വ്യക്തമാക്കി. പ്രീ-സീസൺ പരിശീലനങ്ങൾ ആരംഭിച്ചുകഴിഞ്ഞ ക്ലബ്ബ്, കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം ആവർത്തിച്ച് വരും സീസണിൽ കപ്പടിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്.
