Asianet News MalayalamAsianet News Malayalam

അവര്‍ കറുത്ത കുതിരകളല്ല, ഖത്തർ സമ്മാനിച്ച പാഠവും പ്രതീക്ഷയുമാണ് മൊറോക്കോ

നന്നായി കളിക്കുന്ന സ്വന്തക്കാരെ കണ്ടാൽ മൊറോക്കോ ഫുട്ബോൾ ഫെഡറേഷൻ നിയോഗിക്കുന്നവർ നന്നായി കളിക്കുന്ന സ്വന്തക്കാരെ സമീപിക്കും. വേരുകൾ ഓർമിപ്പിക്കും. അതിൽ ജന്മാടിന്‍റെ വീര്യം ഉയിരു കൊള്ളുന്നവരെ നാട്ടിലേക്ക് കൊണ്ടുവരും. വേണ്ട സൗകര്യവും പരിശീലനവും പിന്തുണയും കൊടുത്ത് കൂടെ നിൽക്കും. കാരണം ഫുട്ബോൾ അവർക്കത്ര പ്രിയമാണ്.

The Moroccan Football Team's Magical World Cup Journey in Qatar
Author
First Published Dec 14, 2022, 4:25 PM IST

ദോഹ: ഖത്തർ ലോകകപ്പിൽ സെമിയിലെത്തിയ, ലോകകപ്പ് ഫുട്ബോളിൽ അവസാന നാലിലെത്തുന്ന ആദ്യ ആഫ്രിക്കൻ , അറബ് ടീമായ മൊറോക്കോയുടെ രഹസ്യമെന്ത്? ചോദ്യം. ഉത്തരം, 22 കളിക്കാർ, അവരുടെ പോരാട്ടവീര്യം, അവരുടെ പ്രതിരോധമികവ്. ലോകകപ്പ് കിരീടം സ്വപ്നം കാണാൻ കഴിയുന്ന ഉയരത്തിലേക്ക് നിലവാരത്തിലേക്ക് മൊറോക്കോ വളർന്നിരിക്കുന്നു. എതിരാളിയെ തടഞ്ഞുനിർത്താൻ പ്രതിരോധത്തിലുള്ള നൈപുണ്യവും എതിരാളിയെ തോൽപിക്കാൻ പന്തിൻമേലുള്ള കയ്യടക്കവും മൊറോക്കോയെ തുണക്കുന്നു.   

മൈതാനത്ത് അവരിറങ്ങുമ്പോൾ പെറ്റുവളർത്തിയ അമ്മമാരുടെ പ്രാർത്ഥനകൾ അവരിൽ ഊർജമായി പെയ്തിറങ്ങുന്നു. ഒരു നാടും ഭൂഖണ്ഡം ആകെയും അവരുടെ കാലുകളിൽ ആശംസാച്ചിറകുകാളായി കൈ കോർക്കുന്നു. റൊമായ്ൻ സൈസ്, അക്രഫ് ഹക്കിമി, സോഫിയാൻ ബുഫാൽ, ഹക്കിം സിയേഷ്, അമ്രബത്. അക്രഫ് ദരി, ബോനോ, എൻ നെസ്റി, തുടങ്ങിയവരെല്ലാം ആഫ്രിക്കൻ ഭൂഖണ്ഡത്തെ തന്നെ ഊർജസ്വലമാക്കിയെന്ന് പറഞ്ഞത് കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ ജനറൽ സെക്രട്ടറി വെറോൺ മൊസെംഗോ ഓംബ. ആ വാചകങ്ങളിലുണ്ട് മൊറോക്കയുടെ ചരിത്രനേട്ടം മേഖലയെ തന്നെ എത്രത്തോളം സ്വാധീനിച്ചെന്ന്. മൊറോക്കോ എന്ന നാടും ആ ഭുഖണ്ഡം തന്നെയും വിശാലമായ അറബ് ലോകവും റെഗ്രാഗിയേയും കുട്ടികളേയും സന്തോഷത്തോടെ ചേർത്തുപിടിക്കുന്നു.

രാജ്യത്തെ ഏറ്റവും ജനപ്രിയമായ കായികവിനോദത്തിന് വേണ്ട പിന്തുണ മൊറോക്കോ ഭരണകൂടം നൽകുന്നുണ്ട്. ധാർമികമായും സാമ്പത്തികമായും  മൊറോക്കോ ഫുട്ബോൾ ഫെഡറേഷൻ ഫുട്ബോൾ കളിക്കാരെ പിന്തുണക്കുന്നു. പരിശീലനത്തിന് സഹായിക്കുന്നു. പുരുഷഫുട്ബോളിൽമ ാത്രമല്ല, വനിതാഫുട്ബോളിലും. അതുകൊണ്ടാണ് രണ്ടിടത്തും മൊറോക്കോ മുന്നേറുന്നത്. ഇപ്പോഴിതാ ഖത്തറിൽ സെമിയിലെത്തുന്ന ആദ്യആഫ്രിക്കൻ ടീമായി. വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ റണ്ണറപ്പായ ടീം വനിതാലോകകപ്പിൽ ഇതാദ്യമായി യോഗ്യത നേടുകയും ചെയ്തു.

The Moroccan Football Team's Magical World Cup Journey in Qatar
പണ്ട് സ്പാനിഷ് കോളനിയായിരുന്നു മൊറോക്കോ. വിവിധ സംസ്കാരങ്ങളുടെ  സംഗമ ഭൂമിയാണ് അന്നാട്. ഭക്ഷണത്തിലും വിനോദത്തിലുമെല്ലാം ആ സങ്കരത്വത്തിന്‍റെ വൈവിധ്യം പ്രകടമായ നാട്. ഈ മിശ്രണം ഫുട്ബോൾ ടീമിലും കാണാം. ആ കൈകോർക്കലിന്‍റെ വൈവിധ്യവും ഐക്യപ്പെടലും കാൽപന്തുകളിയുടെ താളത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. മറ്റ് നാടുകളിലേക്ക് കുടിയേറുന്നവരുടെ കാര്യത്തിലും മൊറോക്കോക്കാർ മോശമല്ല.  മികവിന്‍റെ കാര്യത്തിൽ മറ്റ് നാടുകളിൽ നിന്നുള്ള സ്വന്തക്കാരെ കണ്ടെത്തി കൂടെക്കുട്ടാനും മൊറോക്കോ ഫുട്ബോൾ ഫെഡറേഷന് മിടുക്കുണ്ട്. നെതർലൻ‍ഡ്സിൽ ജനിച്ചു വളർന്ന, കളി പഠിച്ച  ഹക്കിം സിയേച്ചും അമ്രബത്തും മസ്രൗഹിയും അങ്ങനെയാണ്  ടീമിനൊപ്പമെത്തിയത്.

The Moroccan Football Team's Magical World Cup Journey in Qatarമാഡ്രിഡിൽ ജനിച്ച് സ്പാനിഷ് താളത്തിൽ കളി തുടങ്ങിയ ഹക്കിമിയും ഫ്രാൻസിൽ ജനിച്ച നായകൻ സൈസും ബുഫാലും അങ്ങനെയാണ് വേരുകളുള്ള നാട്ടിലെത്തിയത്. ബോനോ ജനിച്ചത് കാനഡയിൽ. അങ്ങനെ ടീമിലെ 14 പേരും ജനിച്ചത് വളർന്നത് കളി പഠിച്ചുതുടങ്ങിയത് മറ്റൊരു നാട്ടിലാണ്. നന്നായി കളിക്കുന്ന സ്വന്തക്കാരെ കണ്ടാൽ മൊറോക്കോ ഫുട്ബോൾ ഫെഡറേഷൻ നിയോഗിക്കുന്നവർ നന്നായി കളിക്കുന്ന സ്വന്തക്കാരെ സമീപിക്കും. വേരുകൾ ഓർമിപ്പിക്കും. അതിൽ ജന്മാടിന്‍റെ വീര്യം ഉയിരു കൊള്ളുന്നവരെ നാട്ടിലേക്ക് കൊണ്ടുവരും. വേണ്ട സൗകര്യവും പരിശീലനവും പിന്തുണയും കൊടുത്ത് കൂടെ നിൽക്കും. കാരണം ഫുട്ബോൾ അവർക്കത്ര പ്രിയമാണ്.

ആ ഇഷ്ടവും പരിശ്രമവും ആണ് ഇപ്പോൾ ഖത്തറിലെ കറുത്ത കുതിരകളായുള്ള പ്രയാണത്തിൽ ടീമിനെ എത്തിച്ചിരിക്കുന്നത്. പൊതുവെ അഭയാർത്ഥികളായും കുടിയേറിയും എത്തുന്ന അന്യനാട്ടുകാരുടെയും അന്യവംശജരുടെയും കരുത്തും കഴിവും കൈനീട്ടിയെടുത്ത് ഒപ്പംനിർത്തി നേട്ടങ്ങൾ സ്വന്തമാക്കുന്ന പൊതു പശ്ചിമരീതിയുടെ റിവേഴ്സ് മോഡൽ.കോച്ച് റഗ്രാഗിയുടെ കാര്യവും വ്യത്യസ്തമല്ല. ഫ്രാൻസിലാണ് റഗ്രാഗി ജനിച്ചതും വളർന്നതും . പക്ഷേ പ്രതിരോധത്തിന്‍റെ കനൽവഴികൾ കാൽപന്തുകളിയുടെ മൈതാനത്ത് ആർക്കൊപ്പം താണ്ടണമെന്ന കാര്യത്തിൽ റഗ്രാഗിക്ക് സംശയമേ ഉണ്ടായിരുന്നില്ല. ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് അങ്ങോട്ടെക്ക് എത്താൻ യോഗ്യത നേടിക്കൊടുത്ത ബോസ്നിയൻ കോച്ച് വാലിദ് ഹാലിഹോദിച്ചിനെ ഫെഡറേഷൻ മാറ്റിയത്.

The Moroccan Football Team's Magical World Cup Journey in Qatarകഷണ്ടിത്തലയുടെ പേരിൽ അവക്കാഡോ തലയൻ എന്ന് വിളിപ്പേര് കിട്ടിയ റഗ്രാഗി ടീമിനെ ഒന്നിച്ചുനിർത്തി. ഒറ്റ യൂണിറ്റാക്കി. ചെൽസി. പിഎസ്‌ജി,  ബയേൺ, സെവിയ്യ, അങ്ങനെ പല ക്ലബുകൾക്ക് വേണ്ടി കളിക്കുന്നവരും പല നാടുകളിൽ നിന്ന് വന്നവരും ഒരൊറ്റ സംഘമായി. ആത്മവിശ്വാസവും ടീം സ്പിരിറ്റും ഓരോരുത്തരിലും ഒഴുകി. ഓരോരുത്തരും നല്ല കളിക്കാരാണെന്നും ഒന്നിച്ചു നിന്ന് ഉഷാറായി കളിച്ചാൽ നമുക്ക് ജയിക്കാമെന്നും റഗ്രാഗി ഓരോരുത്തരോടും പറഞ്ഞു. വിശ്രുതരായ എതിരാളികലെയോ ചരിത്രത്തിലെ കണക്കുകളോ തടസ്സമാകരുതെന്ന് ഓർമിപ്പിച്ചു. ഓരോ കളിക്കാരനും സ്വപ്നം കാണാൻ തുടങ്ങി. ഓരോ കളിക്കാരനും കൈ കോർത്ത് കളിച്ചു. ആരെങ്കിലും വീണാൽ പകരം വന്നവൻ അതിനിരട്ടിയായി കളിച്ച് പരിക്ക് പറ്റിയവനുള്ള അധിക മരുന്നായി ആശ്വസിപ്പിച്ചു.  ഫലം മൈതാനത്ത് കണ്ടു.  

ഓരോ മത്സരത്തിനിറങ്ങുമ്പോഴും അവർ അവരുടെ വിശ്വാസമപ്രമാണങ്ങൾ കാത്തു. ആരാധകരുടെ അകമഴിഞ്ഞ പിന്തുണക്ക് മുന്നിൽ പ്രണമിച്ചു. ഓരോ നേട്ടത്തിലേക്കം എത്തിക്കാൻ ഒപ്പം നിന്ന അമ്മമാർക്ക് ചുംബനം സമ്മാനിച്ചു. മൈതാനത്തെ വിജയാരവങ്ങളിലേക്ക് അമ്മമാരെ കൂട്ടി. പൊതുവെ കളിക്കാരുടെ ഗ്ലാമറുള്ള ഭാര്യമാരും പങ്കാളികളുമൊക്കെ വാർത്തകളിലെത്തുന്ന ഫുട്ബോൾ ലോകത്ത് ശിരോവസ്ത്രമിട്ട കുറേ പാവം അമ്മമാർ താരങ്ങളായി. കളിക്കാരെയും കുടുംബക്കാരെയും ഒപ്പം നിർത്തി, ഖത്തറിലേക്കുള്ള വരവും ഖത്തറിലെ പോരാട്ടവും ഒന്നിച്ചുള്ള ആഘോഷമാക്കിയതിന്‍റെ ക്രെഡിറ്റ് റെഗ്രാഗിക്കൊപ്പം മൊറോക്കോ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റായ ഫൗസി ലേക്ജക്കും അവകാശപ്പെട്ടത്.  

The Moroccan Football Team's Magical World Cup Journey in Qatarഎന്തായാലും ക്രൊയേഷ്യയും ബെൽജിയവും കാനഡയും ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാമതായി സ്പെയിനിനേയും പോർച്ചുഗലിനേയം തോൽപിച്ച് സെമിയിൽ നിലവിലെ ചാമ്പ്യൻമാരെ നേരിടാൻ നിൽക്കുകയാണ് ഇപ്പോൾ മൊറോക്കോ. സ്വന്തം പിഴവിൽ നിന്ന് നൽകിയത് ഒഴിച്ചാൽ ഒരൊറ്റ ഗോളും വഴങ്ങാത്തവർ. നിർണായകസമയത്ത് ആക്രമണത്തിന് മൂർച്ച കുറയാത്തവർ. സ്വപ്നം കാണാനും ആ സ്വപ്നത്തിനായി പരിശ്രമിക്കാനും മടിയും ഭയവും ഇല്ലാത്തവർ.  മൊറോക്കോ നിശ്ചമയായും ഒന്നു ചെയ്തു കഴിഞ്ഞിരിക്കുന്നു. ആര് നന്നായി കളിക്കും, ആര് എത്ര വരെ പോകും, എന്നൊക്കെയുള്ള മുൻവിധികൾ അവ‌‍‍ർ തിരുത്തിയിരിക്കുന്നു. വിസ്മയങ്ങൾ തീർക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു. ഖത്തറിലെ കറുത്ത കുതിരകളല്ല അവർ. ഖത്തർ സമ്മാനിച്ച പാഠവും പ്രതീക്ഷയും മാന്ത്രികതയുമാണ് മൊറോക്കോ.

Follow Us:
Download App:
  • android
  • ios