ഒന്നരപതിറ്റാണ്ടിലധികമായി ഫുട്ബോള്‍ ലോകത്തെ രണ്ട് തട്ടില്‍ നിര്‍ത്തിയ പേരുകള്‍. ലയണല്‍ മെസി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. ഇരുവരുടേയും കരിയറിലെ അവസാന വിശ്വകിരീടപ്പോരാണ്

വാഷിങ്ടണ്‍ ഡി.സിയിലെ കെന്നഡി സെന്ററില്‍ 2026 ഫിഫ ലോകകപ്പ് ഡ്രൊ പൂര്‍ത്തിയാവുകയാണ്. കാലം ആഗ്രഹിച്ചൊരു പോരിന് സാധ്യതകള്‍ ഒരുങ്ങിയിരിക്കുന്നു. ഒന്നരപതിറ്റാണ്ടിലധികമായി ഫുട്ബോള്‍ ലോകത്തെ രണ്ട് തട്ടില്‍ നിര്‍ത്തിയ പേരുകള്‍. ലയണല്‍ മെസി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. ഇരുവരുടേയും കരിയറിലെ അവസാന വിശ്വകിരീടപ്പോരാണ്, പൂര്‍ണമായൊരു അസ്തമയത്തിന് മുൻപ് ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ പന്തുതട്ടാൻ അവസരം. അര്‍ജന്റീനയും പോര്‍ച്ചുഗലും തമ്മിലുള്ള ലോകകപ്പ് മത്സരം എങ്ങനെ സാധ്യമാകും.

ഖത്തറിലെ മണ്ണില്‍ ലുസൈലിലെ മൈതാനത്ത് പൂര്‍ണത കൈവരിച്ച മിശിഹയുടെ സംഘം. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഗ്രൂപ്പ് ജെയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാൻ എന്നീ ടീമുകളാണ് ഒപ്പമുള്ളത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ എല്ലാവിധ സാധ്യതകളും ഒറ്റനോട്ടത്തിലുണ്ട്. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ അര്‍ജന്റീനയുടെ യാത്ര എളുപ്പമായിരിക്കുമെന്ന് പ്രവചിക്കാം.

മറുവശത്ത്, തന്റെ ആദ്യ ലോകകിരീടം തേടിയുള്ള ആറാം ശ്രമത്തിനാണ് അമേരിക്കൻ ഐക്യനാടുകളിലേക്ക് ക്രിസ്റ്റ്യാനൊ എത്തുന്നത്. 66ല്‍ നേടിയ മൂന്നാം സ്ഥാനമാണ് ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ ഏറ്റവും മികച്ച പ്രകടനം. 2006ല്‍ സെമി ഫൈനലിലുമെത്തിയിരുന്നു. ഗ്രൂപ്പ് കെയിലാണ് പോര്‍ച്ചുഗല്‍, ഒപ്പം കൊളംബിയയും ഉസ്ബെക്കിസ്ഥാനമുണ്ട്. ഗ്രൂപ്പിലെ നാലാമത്തെ ടീം യോഗ്യതാ റൗണ്ട് കടന്നുവരുന്നവരായിരിക്കും. ജമൈക്ക, കോംഗൊ, ന്യൂ കാലിഡോണിയ എന്നി ടീമുകളിലൊരുസംഘമായിരിക്കും ആ ടീം.

കോപ്പ അമേരിക്ക ഫൈനലിസ്റ്റുകളായ കൊളംബിയ എന്ന വലിയ കടമ്പയാണ് റൊബേര്‍ട്ടൊ മാര്‍ട്ടിനസിന്റെ സംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. അത് മറികടന്നാല്‍, ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ സാധിച്ചേക്കും. ഇത്തരത്തില്‍ പോര്‍ച്ചുഗലും അര്‍ജന്റീനയും ഗ്രൂപ്പ് ഘട്ടം ഒന്നാമതായി അവസാനിപ്പിക്കുകയും, ശേഷം റൗണ്ട് ഓഫ് 32, പ്രീക്വാര്‍ട്ടര്‍ എന്നിവയിലും വിജയം നേടിയാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തും.

ഇങ്ങനെ സംഭവിച്ചാല്‍ ഒന്നുകില്‍ മെസിയുടെ രണ്ടാം ലോകകിരീടമെന്ന സ്വപ്നം, അല്ലെങ്കില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യ വിശ്വകപ്പെന്ന ലക്ഷ്യം ക്വാര്‍ട്ടറില്‍ അവസാനിക്കും. ഇരുവരുടേയും അവസാന ലോകകപ്പ് മത്സരംപോലുമായേക്കും ക്വാര്‍ട്ടര്‍. അല്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലെ സ്ഥാനങ്ങളില്‍ ചലനം ഉണ്ടാകണം. നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ അതിനുള്ള സാധ്യതകള്‍ വിരളമാണ്, ഫുട്ബോള്‍ ലോകകപ്പാണ്, എന്തും സംഭവിക്കാം.

അര്‍ജന്റീന പോര്‍ച്ചുഗല്‍ മാത്രമല്ല, മറ്റ് ചില ശക്തമായ പോരാട്ടങ്ങള്‍ക്ക് ഗ്രൂപ്പ് ഘട്ടവും വേദിയാകും. ഗ്രൂപ്പ് സിയിലാണ് ഒന്നാമത്തേത്. ബ്രസീല്‍, മൊറോക്കൊ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവരാണ് ഗ്രൂപ്പ് സിയില്‍. ബ്രസീല്‍-മൊറോക്കൊ മത്സരമായിരിക്കും ഫുട്ബോള്‍ ആരാധകരെ ആകര്‍ഷിക്കുന്ന ആദ്യ പോരാട്ടങ്ങളിലൊന്ന്. കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളാണ് മൊറോക്കൊ, പോര്‍ച്ചുഗലിനെ അട്ടിമറിച്ചായിരുന്നു സെമിയിലേക്കുള്ള കുതിപ്പ്, ബ്രസീലിന്റെ യാത്രയാകട്ടെ ക്വാര്‍ട്ടറിലും അവസാനിച്ചികരുന്നു.

2002 ഗ്രൂപ്പ് എയുടെ ആവര്‍ത്തനം പോലെ ഫ്രാൻസിനൊപ്പം ഇത്തവണ ഗ്രൂപ്പ് ഐയില്‍ സെനഗലുമുണ്ട്. 2002ല്‍ പാപ ബോബയുടെ ഏക ഗോളില്‍ ഫ്രാൻസിനെ അട്ടിമറിക്കാൻ സെനഗലിന് കഴിഞ്ഞിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടം താണ്ടാനായിരുന്നില്ല സിനദിൻ സിദാന്റെ സംഘത്തിന്. ആ മുറിവുണക്കേണ്ടതുണ്ട് കിലിയൻ എംബാപയുടെ പടയ്ക്ക്. തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ക്കൂടി ലക്ഷ്യമിട്ടായിരിക്കും ഫ്രാൻസ് എത്തുക.

സൂപ്പര്‍ പോരാട്ടങ്ങളിലൊന്നിന് വിസില്‍ മുഴങ്ങുക ഗ്രൂപ്പ് എല്ലിലാണ്. ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ എന്നീ ടീമുകളാണ് ഗ്രൂപ്പ് എല്ലില്‍. ഇംഗ്ലണ്ട്- ക്രൊയേഷ്യ മത്സരം 2018 സെമി ഫൈനലിന്റെ ആവര്‍ത്തനമാകും. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. 109-ാം മിനുറ്റില്‍ മരിയോ മാൻസൂക്കിച്ചായിരുന്നു വിജയശില്‍പ്പിയായത്.

പതിവിന് വിപരീതമായി മരണഗ്രൂപ്പ് ഇത്തവണയില്ലെന്ന് പറയാം. 2022ല്‍ 32 ടീമുകള്‍ മാത്രമായിരുന്നു ലോകകപ്പിന്റെ ഭാഗമായത്. എന്നാല്‍, 2026ല്‍ ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്തി. ഇതോടെയാണ് മരണഗ്രൂപ്പിന്റെ സാധ്യതകള്‍ അടഞ്ഞതും. എങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാൻ സാധ്യതയുള്ള ഗ്രൂപ്പുകളുമുണ്ട്.

ഫ്രാൻസും സെനഗലും നോ‍ര്‍വെയുമടങ്ങിയ ഗ്രൂപ്പ് ഐയാണ് അത്തരത്തിലൊന്ന്. ഗ്രൂപ്പ് എല്ലില്‍ ഇംഗ്ലണ്ടിന് ക്രൊയേഷ്യയേയും ഘാനയേയും കീഴടക്കേണ്ടി വരും. ബ്രസീലിന് മൊറോക്കൊ മാത്രമല്ല, സ്കോട്ടലൻഡുമുണ്ട് വെല്ലുവിളിയായി. നേഷൻസ് ലീഗില്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ തളക്കുകയും, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരുമായാണ് സ്കോട്ട്ലൻഡിന്റെ വരവ്.