വെറുമൊരു ഗ്രൂപ്പ് ഘട്ട മത്സരത്തിനപ്പുറം, 44 വർഷം പഴക്കമുള്ള ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയൊരു ഒത്തുകളി വിവാദത്തിന്‍റെ ഓർമ്മകൾ ഇരമ്പുന്ന പോരാട്ടമാണിത്.

ന്യൂയോര്‍ക്ക്: ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ 'ഒത്തുകളിക്ക്' അൾജീരിയ ഇന്ന് മറുപടി നൽകുമോ ന്യൂയോര്‍ക്ക്: ലോകകപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും കൗതുകകരവും നാടകീയവുമായ ഒരു മത്സരത്തിനാണ് ഫുട്ബോൾ ലോകം നാളെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. വെറുമൊരു ഗ്രൂപ്പ് ഘട്ട മത്സരത്തിനപ്പുറം, 44 വർഷം പഴക്കമുള്ള ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയൊരു ഒത്തുകളി വിവാദത്തിന്‍റെ ഓർമ്മകൾ ഇരമ്പുന്ന പോരാട്ടമാണിത്. ഗ്രൂപ്പ് ജെ-യിലെ വിധിനിർണ്ണായകമായ അവസാന പോരിൽ ഓസ്ട്രിയയും അൾജീരിയയും നേർക്കുനേർ എത്തുമ്പോൾ കളം പുകയുമെന്നുറപ്പാണ്. ഈ മത്സരത്തിന്‍റെ ചൂടറിയണമെങ്കിൽ നമ്മൾ 1982-ലെ സ്പെയിൻ ലോകകപ്പിലേക്ക് ഒരുവട്ടം പിന്നോട്ട് സഞ്ചരിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്താണ് 1982-ൽ നടന്ന 'ഹിഹോളിലെ അപമാനം'

1982 ജൂൺ 25, സ്പെയിനിലെ ഹിഹോൾ മൈതാനത്ത് വെസ്റ്റ് ജർമനിയും ഓസ്ട്രിയയും തമ്മിൽ ഏറ്റുമുട്ടുന്നു. വെസ്റ്റ് ജർമനി, ഓസ്ട്രിയ, ചിലി, അൾജീരിയ എന്നിവരായിരുന്നു അന്ന് ഒരേ ഗ്രൂപ്പിൽ. ലോകകപ്പിൽ തങ്ങളുടെ അസാധ്യ പ്രകടനം കൊണ്ട് ഞെട്ടിച്ചു മുന്നേറിയ ആഫ്രിക്കൻ കരുത്തരായ അൾജീരിയ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ മത്സരങ്ങളെല്ലാം കഴിഞ്ഞ് അടുത്ത റൗണ്ട് പ്രതീക്ഷിച്ചു നിൽക്കുകയാണ്. അവസാന മത്സരത്തിൽ വെസ്റ്റ് ജർമനിക്ക് അടുത്ത റൗണ്ടിലെത്താൻ ജയം അനിവാര്യമായിരുന്നു. എന്നാൽ ഒന്നോ രണ്ടോ ഗോൾ വ്യത്യാസത്തിൽ ഓസ്ട്രിയ തോറ്റാലും ഓസ്ട്രിയയ്ക്കും അടുത്ത റൗണ്ടിൽ കടക്കാം. മത്സരം ആ ഫലത്തിലായാൽ അൾജീരിയ പുറത്താകും.

മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ വെസ്റ്റ് ജർമനി ഓസ്ട്രിയൻ വല കുലുക്കി (1-0). സ്കോർ ഇരുടീമുകൾക്കും അനുകൂലമായതോടെ പിന്നീട് ആ മൈതാനത്ത് നടന്നത് കളി ആയിരുന്നില്ല, വെറും നാടകമായിരുന്നു! ആക്രമണങ്ങളില്ല, പ്രതിരോധമില്ല, ജയിക്കാനുള്ള ഒരു ശ്രമവുമില്ലാതെ ഇരുടീമുകളും പന്ത് പരസ്പരം തട്ടി സമയം കളഞ്ഞു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ 'ചതിയിലൂടെ' അൾജീരിയ പുറത്തായി; ജർമനിയും ഓസ്ട്രിയയും രണ്ടാം റൗണ്ടിൽ കടന്നു.

കമന്‍റേറ്റർമാർ വരെ ഒത്തുകളിയിൽ പ്രതിഷേധിച്ച് നിശ്ശബ്ദരായ ആ കറുത്ത ദിനത്തെ ലോകം 'ഹിഹോളിലെ അപമാനം' എന്ന് വിളിച്ചു. ഈ വിവാദത്തിന് പിന്നാലെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഒരേ സമയത്ത് നടത്തണമെന്ന ചരിത്രപരമായ നിയമം ഫിഫ കൊണ്ടുവന്നത്.

44 വർഷങ്ങൾക്ക് ശേഷം കാലം കാത്തുവെച്ച പ്രതികാരം

ഇപ്പോഴിതാ 2026-ൽ വീണ്ടും ഒരു ലോകകപ്പ് വേദിയിൽ ഓസ്ട്രിയയും അൾജീരിയയും ഒരേ ഗ്രൂപ്പിൽ നേർക്കുനേർ വരുന്നു. നിലവിൽ ഗ്രൂപ്പ് ജെ-യിൽ അർജന്‍റീന ആറ് പോയിന്റുമായി ഒന്നാം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ജോർദാൻ പുറത്തായി. ഇനി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ആരെത്തും? ഓസ്ട്രിയയോ അതോ അൾജീരിയയോ?. ഇവിടെയാണ് പുതിയ കൗതുകം ഒളിഞ്ഞിരിക്കുന്നത്: ഗ്രൂപ്പിൽ രണ്ടാമതെത്തുന്ന ടീമിനെ നോക്കൗട്ടിൽ കാത്തിരിക്കുന്നത് യൂറോപ്യൻ വമ്പന്മാരായ സ്പെയിൻ ആണ്. മറിച്ച് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കിൽ എതിരാളികൾ താരതമ്യേന ദുര്‍ബലരായ സ്വിറ്റ്‌സർലൻഡ് ആയിരിക്കും.

ഇന്ന് ജയിച്ച് സ്പെയിനെ നേരിടണോ, അതോ തന്ത്രപരമായി കളിച്ച് സ്വിറ്റ്‌സർലൻഡിനെ എതിരാളികളായി കിട്ടാൻ നോക്കണോ എന്ന ചോദ്യം വീണ്ടും ലോക ഫുട്ബോളിനെ 1982-ലേക്ക് കൊണ്ടുപോകുന്നുണ്ട്. എന്നാൽ അൾജീരിയൻ കോച്ചിന്‍റെ നിലപാട് വളരെ വ്യക്തമാണ്. ഇത്തവണ യാതൊരുവിധ തന്ത്രപരമായ തോൽവിക്കും തങ്ങൾ തയ്യാറല്ല. അന്ന് നേരിട്ട വഞ്ചനയുടെയും മുറിവുകളുടെയും ആഴം ഇന്നും അൾജീരിയൻ ഫുട്ബോൾ ക്യാമ്പിലുണ്ട്. അതുകൊണ്ട് തന്നെ ഓസ്ട്രിയക്കെതിരെ ഒരടി പോലും വിട്ടുകൊടുക്കാതെ വിജയത്തിനായി പൊരുതാനാണ് ആഫ്രിക്കൻ സംഘത്തിന്‍റെ തീരുമാനം.