ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ് റയല്‍ മാഡ്രിഡ് പുറത്തായതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് പ്രതിരോധനിര താരം റാഫേല്‍ വരാനെ. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍  ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്(ഇരുപാദങ്ങളിലുമായി 4-2) റയല്‍ തോറ്റത്.

ഈ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്കാണ്. മത്സരത്തിനായി ഞങ്ങള്‍ നല്ല തയാറെടുപ്പുകള്‍ നടത്തിയിരുന്നു. പക്ഷെ പിഴവുകള്‍ വരുത്തിയാല്‍ തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതിനുള്ള ഫലം അനുഭവിച്ചേ മതിയാകു-വാരെന പറഞ്ഞു. സിറ്റിക്കെതിരായ മത്സരത്തില്‍ ഗോള്‍കീപ്പര്‍ തിബൗട്ട് കുര്‍ട്ടോയിസിന് വരാനെ നല്‍കിയ ദുര്‍ബല ഹെഡ്ഡര്‍ പിടിച്ചെടുത്താണ് ഗബ്രിയേല്‍ ജീസസ് സിറ്റിക്കായി രണ്ടാം ഗോളും ലീഡും നേടിയത്. ഈ ഗോളോടെ റയലിന്റെ മുന്നോട്ടുള്ള വഴിയടഞ്ഞു.വരാനെയുടെ പിഴവില്‍ നിന്നായിരുന്നു സിറ്റി സ്റ്റെര്‍ലിംഗിലൂടെ ആദ്യ ഗോളും നേടിയത്.

ചെയ്ത തെറ്റുകളെക്കുറിച്ച് വിശദീകരിക്കാനില്ല. അത് സ്വീകരിച്ചേ മതിയാകു. എന്നെ സംബന്ധിച്ചിടത്തോളം വളരെ സങ്കീര്‍ണമായ സമയമാണിത്. കരിയറില്‍ ഒരുപാട് തവണയൊന്നും എനിക്കിതുപോലെ അബദ്ധം പറ്റിയിട്ടില്ല. എങ്കിലും ഇതുപോലെയുള്ള അബദ്ധങ്ങള്‍ എപ്പോഴും സംഭവിക്കാം. പ്രതിരോധനിര താരമെന്ന നിലയില്‍ ഞാന്‍ വരുത്തുന്ന പിഴവുകള്‍ക്ക് ടീം വലിയ വില നല്‍കേണ്ടതായും വരും. എന്റെ ടീം അംഗങ്ങള്‍ക്ക് അറിയാം, സംഭവിച്ചുപോയ കാര്യങ്ങളില്‍ എനിക്ക് ദു:ഖമുണ്ടെന്ന്. അതില്‍ നിന്ന് എത്രയും വേഗം പുറത്തുകടന്നേ മതിയാകു-വരാനെ പറഞ്ഞു.

റയിലിനൊപ്പം നാലു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് വരാനെ. ഫ്രാന്‍സിന്റെ ലോകകപ്പ് നേട്ടത്തിലും 27കാരനായ വരാനെ പങ്കാളിയായിരുന്നു.