കൊച്ചി: അമ്പത്തിയാറാമത് സംസ്ഥാന സീനിയർ ഫുട്ബോളിൽ തൃശ്ശൂർ ചാമ്പ്യന്മാര്‍.ഫൈനലിൽ കോട്ടയത്തെ ഏകപക്ഷീമായ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് തൃശൂർ കിരീടം നേടിയത്.

രണ്ടുവർഷം മുൻപത്തെ ഫൈനലിൽ കോട്ടയത്തോട് തോറ്റ തൃശൂരിനിത് മധുര പ്രതികാരം. ഫൈനലിൽ തൃശൂരിന്‍റെ സമഗ്രാധിപത്യം ആയിരുന്നു. ലോംഗ് വിസിൽ വരെ തൃശൂർ ആക്രമിച്ച് കളിച്ചു. ഗോളുകൾ ഒന്നും പിറക്കാത്ത ആദ്യ പകുതി. കോട്ടയം ഉണർന്നുകളിക്കാൻ തുടങ്ങിയപ്പോൾ തൃശൂരിന്‍റെ ആദ്യ ഗോളെത്തി. റോഷൻ ജിജിയായിരുന്നു സ്കോറർ.

അഞ്ചുമിനിറ്റിനകം തൃശൂരിന്‍റെ രണ്ടാം ഗോളുമെത്തി. മെൽവിന്റെ പാസ് സ്വീകരിച്ച ആന്‍റണി പൗലോസിന് പിഴച്ചില്ല. ഫൈനലിൽ ഉൾപ്പടെ തൃശൂരിന്റെ വിജയശിൽപിയായ റോഷനാണ് ടൂർണമെന്‍റിലെ താരം. ലൂസേഴ്സ് ഫൈനലിൽ പാലക്കാടിനെ ഒറ്റഗോളിന് തോൽപിച്ച് ഇടുക്കി മൂന്നാം സ്ഥാനം നേടി.