തൃശൂര്‍: ലോക ഫുട്ബോളിന്‍റെ സൗഭാഗ്യമാണ് ടി കെ ചാത്തുണ്ണി എന്ന പരിശീലകനെന്ന് മുൻ ഇന്ത്യൻ നായകന്‍ ബ്രൂണോ കുട്ടീഞ്ഞോ. തൃശൂരിൽ ചാത്തുണ്ണിയുടെ ആത്മകഥയായ 'ഫുട്ബോൾ മൈ സോൾ' പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദേഹം. 

ചാലക്കുടിയിൽ പന്തുതട്ടിത്തുടങ്ങിയ കാലംതൊട്ട് ഫുട്ബോൾ ലോകത്തിന്‍റെ അമരത്തെത്തിയത് വരെയുള്ള കഥ പറയുകയാണ് ആത്മകഥയില്‍ ടി കെ ചാത്തുണ്ണി. ഇക്കാലത്തിനിടയ്ക്ക് കേരള പൊലീസ്, മോഹൻ ബഗാൻ തുടങ്ങി വിവിധ ടീമുകളെ വിജയിപ്പിച്ചതും അതിന് പിന്നിലെ കഠിനാധ്വാനവും വിവിധ അധ്യായങ്ങളിലായി വിവരിക്കുന്നു. കേരള ഫുട്ബോൾ നേരിട്ട വെല്ലുവിളികളും വിവാദങ്ങളും എല്ലാം 'ഫുട്ബോൾ മൈ സോള്‍' എന്ന പുസ്‌‌തകത്തിലുണ്ട്. 

ഐഎം വിജയൻ, ജോപോൾ അ‍ഞ്ചേരി, സി വി പാപ്പച്ചൻ തുടങ്ങി ടി കെ ചാത്തുണ്ണിയുടെ പ്രഗത്ഭരായ ശിഷ്യരെല്ലാം ചടങ്ങിനെത്തി. തന്‍റെ ദൗത്യം അവസാനിക്കുന്നില്ലെന്നും ഫുട്ബോളിന്‍റെ ഉന്നതിക്കായി ശ്രമം തുടരുമെന്നും ചാത്തുണ്ണി മാഷ് ഉറപ്പുനല്‍കി. കറന്‍റ് ബുക്‌സാണ് 'ഫുട്ബോൾ മൈ സോൾ' പുറത്തിറക്കുന്നത്.