കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള മത്സരക്രമമായി. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടും ആന്ധ്രാ പ്രദേശുമാണ് കേരളത്തിന്റെ എതിരാളികള്‍. അടുത്ത മാസം അഞ്ചിന് ആദ്യ മത്സരത്തില്‍ തമിഴ്‌നാടിനെ നേരിടും. ഒമ്പതിന് ആന്ധ്രയ്‌ക്കെതിരെയാണ് രണ്ടാം മത്സരം. 

കോഴിക്കോട് കോര്‍പ്പറേഷന്‍ സറ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണ കേരളം യോഗ്യത റൗണ്ടില്‍ പുറത്തായിരുന്നു. മറ്റൊരു ഗ്രൂപ്പില്‍ നിന്ന് കര്‍ണാടക, തെലങ്കാന, ആന്‍ഡമാന്‍ നികോബാര്‍, പോണ്ടിച്ചേരി ടീമുകളാണ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുക. ഗ്രൂപ്പ് ജേതാക്കള്‍ ഫൈനല്‍ റൗണ്ടിലെത്തും.

നേരത്തെ, എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരതീയതികള്‍ വീണ്ടും മാറ്റിയതോടെ സന്തോഷ് ട്രോഫി കോഴിക്കോട്ടേക്ക് കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു.