ബാഴ്സലോണ: ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്‍റെ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയ ബാഴ്സലോണ താരം ലിയോണല്‍ മെസിയുടെ നേട്ടം ആഘോഷിക്കാന്‍ വ്യത്യസ്ത വഴി സ്വീകരിച്ച് അമേരിക്കന്‍ ബിയര്‍ നിര്‍മാതാക്കളായ ബഡ്‌വൈസര്‍. മെസി നേടിയ ഗോളുകളുടെ എണ്ണം സൂചിപ്പിക്കാനായി 644 എന്ന് വലിയ അക്ഷരത്തില്‍ ആലേഖനം ചെയ്ത് പ്രത്യേകമായി നിര്‍മിച്ച ബിയര്‍ ബോട്ടിലുകള്‍ 160 ഗോള്‍ കീപ്പര്‍മാര്‍ക്ക് അയച്ചുകൊടുത്താണ് ബിയര്‍ നിര്‍മാതാക്കള്‍ മെസിയുടെ റെക്കോര്‍ഡ് നേട്ടം ആഘോഷിച്ചത്. 

മെസിക്ക് എതിരെ ഗോള്‍ വഴങ്ങിയവരാണ് പ്രത്യേകം രൂപകല്‍പന ചെയ്ത ബിയര്‍ ബോട്ടില്‍ ലഭിച്ച 160 ഗോള്‍കീപ്പര്‍മാരും. ഏറ്റവും കൂടുതല്‍ ബിയര്‍ ബോട്ടില്‍ ലഭിച്ചത് വലന്‍സിയയുടെ ഡീഗോ ആല്‍വ്സിനാണ്. 19 എണ്ണം. റയലിന്‍റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിന് കിട്ടിയത് 17 എണ്ണം. 

കഴിഞ്ഞ ആഴ്ചയാണ് ബ്രസീല്‍ ഇതിഹാസം പെലെ സാന്‍റോസിനായി നേടിയ 643 ഗോളുകളുടെ റെക്കോര്‍ഡ് മറികടന്ന് മെസി ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. മെസിയുടെ നേട്ടത്തെ പെലെയും അഭിനന്ദിച്ചിരുന്നു.