Asianet News MalayalamAsianet News Malayalam

ഭൂചലനം: തുര്‍ക്കിയില്‍ മരണപ്പെട്ടവരില്‍ ഫുട്ബോള്‍ താരവും, മറ്റൊരു താരത്തിന് പരിക്ക്

ലോകത്തെ നടുക്കിയ ഭൂകമ്പത്തില്‍ തുര്‍ക്കി ക്ലബിൽ കളിക്കുന്ന ഘാന താരത്തിന് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്

Turkey Syria earthquake Yeni Malatyaspor goalkeeper Ahmet Eyup Turkaslan dies jje
Author
First Published Feb 8, 2023, 7:08 PM IST

ഇസ്‌താംബുള്‍: തുര്‍ക്കിയിലെ ഭൂചലനത്തിൽ ഫുട്ബോൾ താരത്തിനും ജീവൻ നഷ്ടമായി. തുര്‍ക്കി സെക്കന്‍ഡ് ഡിവിഷൻ ക്ലബ് യെനി മാലാറ്റിയാസ്പോറിന്‍റെ ഗോൾ കീപ്പറായ അഹമ്മദ് അയൂബാണ്(28) മരിച്ചത്. ഈ ദുഖ വാര്‍ത്ത അയൂബിന്‍റെ ക്ലബ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 'അഹമ്മദ് അയൂബ്, നിങ്ങളെ മറക്കാവില്ല, മനോഹരമായ വ്യക്തിത്വമാണ് നിങ്ങള്‍'- യെനി മാലാറ്റിയാസ്പോര്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു. 2021ല്‍ എത്തിയ ശേഷം തുര്‍ക്കി ക്ലബിനായി ആറ് മത്സരങ്ങളാണ് അഹമ്മദ് അയൂബ് കളിച്ചിട്ടുള്ളത്. അയൂബിന്‍റെ മരണത്തില്‍ ക്രിസ്റ്റല്‍ പാലസ്, എവര്‍ട്ടന്‍ ക്ലബുകളുടെ മുന്‍താരമായ യാന്നിക് ബൊലാസീ ദുഖം രേഖപ്പെടുത്തി. നിലവില്‍ തുര്‍ക്കി ക്ലബിലാണ് യാന്നിക് കളിക്കുന്നത്. 

ലോകത്തെ നടുക്കിയ ഭൂകമ്പത്തില്‍ തുര്‍ക്കി ക്ലബിൽ കളിക്കുന്ന ഘാന താരത്തിന് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ഹത്തിയാസ്‍പോര്‍ ക്ലബിന്‍റെ താരമായ ക്രിസ്റ്റ്യൻ അറ്റ്സുവിനാണ് പരിക്കേറ്റത്. അറ്റ്സു പ്രീമിയര്‍ ലീഗിൽ ന്യൂകാസിൽ, എവര്‍ട്ടൻ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ്. കഴിഞ്ഞ സെപ്തംബറിലാണ് അദേഹം തുര്‍ക്കി ക്ലബിൽ ചേര്‍ന്നത്.

തുര്‍ക്കി-സിറിയ പ്രദേശങ്ങളെ പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ ഇതുവരെ 11000ത്തിലേറെ മരണം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ 8754 പേരും സിറിയയില്‍ 2470 പേരും മരണപ്പെട്ടു എന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ പുതിയ റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളിലേയും തണുത്തുറഞ്ഞ പ്രതികൂല കാലാവസ്ഥയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് കനത്ത പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഇന്ത്യയടക്കം വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനവും ദുരിതബാധിതര്‍ക്ക് മരുന്നും ഭക്ഷണവും വെള്ളവും അടക്കമുള്ള സഹായങ്ങളും എത്തിച്ചുവരികയാണ്.

ഭൂകമ്പത്തില്‍ 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ കൂടുതല്‍ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.  

തുർക്കി ഭൂകമ്പം: ഒരു ഇന്ത്യാക്കാരനെ കാണാനില്ല; 10 ഇന്ത്യാക്കാർ കുടുങ്ങി

Follow Us:
Download App:
  • android
  • ios