പനാജി: മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെ.പി എന്നിവരെ ഉള്‍പ്പെടുത്തി ഖത്തറിനെതിരായ അണ്ടര്‍ 23 സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയന് പരിക്ക് കാരണം ടീമില്‍ സ്ഥാനം നേടാന്‍ സാധിച്ചിച്ചിട്ടില്ല. മാര്‍ച്ച് 11ന് ഖത്തറിലാണ് മത്സരം. 

അണ്ടര്‍ 23 എഎഫ്‌സി കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ദേശീയ ക്യാംപില്‍ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് സഹല്‍. ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടി കളിക്കുന്ന രാഹുലും സീസണില്‍ മികച്ച ഫോമിലായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ തന്നെ ഗോള്‍ കീപ്പര്‍ ധീരജ് സിങ്, ഡല്‍ഹി ഡൈനാമോസിന്റെ ലാലിയന്‍സുല ചാങ്‌തെ, വിനിത് റായ് എടികെയുടെ കോമാള്‍ തട്ടാല്‍ എന്നിവരെല്ലാം ടീമിലുണ്ട്. 

മാര്‍ച്ച് 22നാണ് എഎഫ്‌സി കപ്പ് യോഗ്യതാ മത്സരങ്ങള്‍. 22ന് താജിക്സ്ഥാനേയും 24-ന് ഉസ്‌ബെക്കിസ്ഥാനേയുമാണ് ഇന്ത്യ നേരിടുക. ഇന്ത്യന്‍ ടീം ഇങ്ങനെ.

ഗോള്‍ കീപ്പര്‍മാര്‍: ധീരജ് സിങ്, പ്രഭുഷ്ഖാന്‍ സിങ് ഗില്‍. പ്രതിരോധം: നരേന്ദര്‍, സാര്‍ത്ഥക് ഗൊലി, വുങ്ഗയം, മെഹ്താബ് സിങ്, അന്‍വര്‍ അലി, ആശിഷ് റായ്. മധ്യനിര: ജെറി മാവിമിങ്താംഗ, ലാലിയന്‍സുല ചാങ്‌തെ, വിനീത് റായ്, സഹല്‍ അബ്ദുള്‍ സമദ്, അമര്‍ജിത് സിങ് കിയാം, ദീപക് തഗ്രി, രോഹിത് കുമാര്‍, സുരേഷ് സിങ് വാങ്ജാം, കോമള്‍ തട്ടാല്‍, ബോറിസ് സിങ് തങ്ജം, രാഹുല്‍ കെപി. മുന്നേറ്റം: ലിസ്റ്റണ്‍ കൊളാക്കോ, ഡാനിയേല്‍ ലാഹ്‌ലിപിയ, റഹീം അലി, രോഹിത് ധനു.