പന്തടക്കത്തിലൂം പാസിംഗിലും തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ യുഎഇക്ക് മുന്നില്‍ ഇന്ത്യന്‍ യുവനിരക്ക് പൊരുതി നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല.

ദുബായ്: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. ഒമാനെ സമനലിയില്‍ തളച്ചതിന്‍റെ ആവേശത്തിലിറങ്ങിയ യുവ ഇന്ത്യയെ എതിരില്ലാത്ത ആറ് ഗോളിനാണ് യുഎഇ തകര്‍ത്തുവിട്ടത്. അലി മബ്കൗത്തിന്‍റെ ഹാട്രിക്കാണ് യുഎഇക്ക് വമ്പന്‍ ജയമൊരുക്കിയത്.

പന്ത്രണ്ടാം മിനിറ്റില്‍ ഗോള്‍വേട്ട തുടങ്ങിയ മബ്‌കൗത്ത് 32ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ രണ്ടാം ഗോളും 60ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക്ക് തികച്ചു. 64ാം മിനിറ്റില്‍ ഖലീല്‍ ഇബ്രാഹിം, 71-ാം മിനിറ്റില്‍ ഫാബിയോ വെര്‍ജിനീയോ ഡി ലിമ, 84ാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ തഖ്ലീബ് എന്നിവര്‍ യുഎഇയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

Scroll to load tweet…

പന്തടക്കത്തിലൂം പാസിംഗിലും തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ യുഎഇക്ക് മുന്നില്‍ ഇന്ത്യന്‍ യുവനിരക്ക് പൊരുതി നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. ഒമാനെതിരെ കളിച്ച ടീമില്‍ എട്ട് മാറ്റങ്ങളുമായാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ടീമിനെ ഇറക്കിയത്. ഗോള്‍പോസ്റ്റിന് താഴെ അമ്രീന്ദര്‍ സിംഗിന് പകരം ഗുര്‍പ്രീത് സിംഗ് സന്ധുവെത്തി.

സന്ധുവിന് പുറമെ ആകാശ് മിശ്ര, ആദില്‍ ഖാന്‍, അനിരുദ്ധ് ഥാപ്പ, ലാല്‍ ചാങ്തെ, മന്‍വീര്‍ സീംഗ്, സുരേഷ് സിംഗ്, ലാലെങ്മാവിയ, പ്രീതം കോട്ടാല്‍, ലിസ്റ്റണ്‍ കൊളാക്കോ, മഷൂര്‍ ഷെരീഫ് എന്നിവരാണ് ഇന്ത്യയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത്.

Scroll to load tweet…

ആദ്യ ഗോള്‍ വഴങ്ങിയതിന് പിന്നാലെ യുഎഇ തുടര്‍ ആക്രമണങ്ങളുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യ പൂര്‍ണമായും പ്രതിരോധത്തിലായി. ബോക്സിനകത്ത് ആദില്‍ റഷീദിന്‍റെ കൈയില്‍ കൊണ്ട പന്തില്‍ ലഭിച്ച പെനല്‍റ്റിയിലാണ് യുഎഇ രണ്ടാം ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം മാത്രമാണ് ഇന്ത്യക്ക് ആദ്യമായി ഒരു ഗോളവസരം പോലും ഒരുങ്ങിയത്. ലിസ്റ്റണ്‍ കൊളോക്കോയുടെ ത്രൂ ബോളില്‍ മന്‍വീര്‍ സിംഗെടുത്ത ഷോട്ട് യഎഇ ഗോള്‍കീപ്പര്‍ തട്ടിയകറ്റി അപകടം ഒഴിവാക്കി.