അവിശ്വസനീയം രണ്ട് ഹെഡറുകള്‍, ചെല്‍സിയെ സ്റ്റാംഫോർഡ് ബ്രിഡ്‌ജില്‍ നിലംപരിശാക്കി ബെന്‍സേമയുടെ ഗോള്‍വര്‍ഷം
സ്റ്റാംഫോർഡ് ബ്രിഡ്‌ജ്: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ (UCL) ആദ്യപാദ ക്വാർട്ടർ ഫൈനലിൽ അടിതെറ്റി ചെൽസി (Chelsea FC). നിലവിലെ ചാമ്പ്യന്മാരായ ചെൽസിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് (Real Madrid) തകർത്തു. കരീം ബെൻസേമയുടെ (Karim Benzema) ഹാട്രിക് ഗോളുകളുടെ മികവിലായിരുന്നു റയലിന്‍റെ ജയം. 21, 24, 46 മിനിട്ടുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. ഇതില്‍ രണ്ടെണ്ണം ബെന്‍സേമയുടെ ഫിനിഷിംഗ് മികവ് വിളിച്ചോതിയ തകര്‍പ്പന്‍ ഹെഡര്‍ ഗോളുകളായിരുന്നു.
കെയ് ഹവേർട്‌സ് (Kai Havertz) ചെൽസിയുടെ ആശ്വാസ ഗോൾ നേടി. തോൽവിയോടെ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയുടെ സെമി സാധ്യത മങ്ങി.
അതേസമയം ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ബയേണിനെ വിയ്യാറയൽ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ വിയ്യാറയൽ തോൽപ്പിച്ചത്. മത്സരം തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ ആർനൗട്ട് ഡാഞ്ജുമായാണ് പന്ത് ബയേണിന്‍റെ വലയിലെത്തിച്ചത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലാവട്ടെ ബേണ്‍ലിയോട് എവർട്ടണ്‍ തോറ്റു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബേണ്‍ലിയുടെ ജയം. ബേണ്‍ലിക്കായി നദാൻ കോളിൻസ്, റോഡ്രിഗസ്, കോർണറ്റ് എന്നിവർ ലക്ഷ്യം കണ്ടു. എവർട്ടണിനായി റിച്ചാർലിസൻ ഇരട്ട ഗോളുകൾ നേടി. പെനാൽറ്റി കിക്കിലൂടെയായിരുന്നു റിച്ചാർലിസന്‍റെ ഗോളുകൾ. മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ 2-1ന് മുന്നിട്ടുനിന്ന ശേഷമായിരുന്നു എവർട്ടണിന്‍റെ തോൽവി. 29 മത്സരങ്ങളിൽ നിന്ന് 25 പോയിന്‍റുമായി എവർട്ടണ്‍17-ാം സ്ഥാനത്തും 29 മത്സരങ്ങളിൽ നിന്ന് 24 പോയിന്‍റുമായി ബേണ്‍ലി 18-ാം സ്ഥാനത്തുമാണ്.
