മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ രണ്ട് ടീമുകളെ ഇന്നറിയാം. പ്രീ ക്വാര്‍ട്ടര്‍ രണ്ടാംപാദ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ഇന്ന് രണ്ട് മത്സരങ്ങള്‍ ഉണ്ട്. ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബായ ടോട്ടനം ജര്‍മന്‍ ടീം ആര്‍ബി ലെയ്പ്സിഗിനെ നേരിടും. ജര്‍മന്‍ മൈതാനത്താണ് മത്സരം. ടോട്ടനം മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ ലെയ്പ്സിഗ് മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കിയിരുന്നു.

രണ്ടാമത്തെ മത്സരത്തിൽ സ്‌പാനിഷ് ക്ലബ് വലന്‍സിയയും ഇറ്റാലിയന്‍ ടീം അറ്റലാന്‍റയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് രണ്ട് കളിയും തുടങ്ങുന്നത്.

കൊവിഡ് 19: മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേ‍ഡിയത്തിലേക്ക്

അതേസമയം കൂടുതൽ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കൊവിഡ് 19 ഭീതി കാരണം അടച്ചിട്ട സ്റ്റേ‍ഡിയത്തിൽ നടത്തുന്നു. പാരീസില്‍ നാളെ നടക്കേണ്ട പിഎസ്ജി-ബൊറൂസിയ ഡോട്‌മുണ്ട് മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് യുവേഫ തീരുമാനിച്ചു. കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ സഹകരിക്കണമെന്ന പാരീസ് പൊലീസിന്‍റെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ് തീരുമാനം. യുവേഫ തീരുമാനം അംഗീകരിക്കുന്നതായി പിഎസ്ജി അറിയിച്ചു.

ഫ്രാന്‍സില്‍ ഇതുവരെ 1412 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 30 മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഈ മാസം 18ന് നടക്കേണ്ട ബാഴ്‌സലോണ-നാപ്പോളി മത്സരവും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തിയേക്കും. ഇതുസംബന്ധിച്ച നിര്‍ദേശം കാറ്റലോണിയന്‍ പ്രവിശ്യ സര്‍ക്കാര്‍ രണ്ട് ക്ലബുകള്‍ക്കും നൽകി.