മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ സൂപ്പര്‍ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ ഞെട്ടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. റയൽ മൈതാനത്ത് നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് സിറ്റിയുടെ ജയം. 

രണ്ടാം പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് സിറ്റിയുടെ തിരിച്ചുവരവ്. 83-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രുയിന്‍ ആണ് വിജയഗോള്‍ നേടിയത്. സ്റ്റെര്‍ലിംഗിനെ ഫൗള്‍ ചെയ്‌തതിന് കിട്ടിയ പെനാല്‍റ്റിയിൽ നിന്നായിരുന്നു ഗോള്‍. 

2016ന് ശേഷം ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ഡിബ്രുയിന്‍റെ ആദ്യ ഗോളാണിത്. അറുപതാം മിനിറ്റില്‍ ഇസ്‌കോയിലൂടെയായിരുന്നു റയൽ ലീഡ് നേടിയത്. 78-ാം മിനിറ്റില്‍ ഗബ്രിയേൽ ജെസ്യൂസ് സിറ്റിയെ ഒപ്പമെത്തിച്ചു. അടുത്ത മാസം 17ന് സിറ്റി മൈതാനത്താണ് രണ്ടാംപാദം.

അടിതെറ്റി യുവന്‍റസും 

അതേസമയം ഇറ്റാലിയന്‍ വമ്പന്മാരായ യുവന്‍റസിനെ ഫ്രഞ്ച് ക്ലബായ ലിയോൺ അട്ടിമറിച്ചു. ലിയോണിന്‍റെ മൈതാനത്ത് നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജയം. 31-ാം മിനിറ്റില്‍ ലൂക്കാസ് തൗസാര്‍ട്ട് ആണ് നിര്‍ണായക ഗോള്‍ നേടിയത്. 

ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ യുവന്‍റസിന്‍റെ ആദ്യ തോൽവിയാണിത്. അടുത്ത മാസം പതിനേഴിനാണ് രണ്ടാംപാദ മത്സരം. 2010ന് ശേഷം ലിയോൺ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നിട്ടില്ല.