യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് മിറ്റിലാന്റിനെ ലിവർപൂൾ തോൽപ്പിച്ചു. ഡിയോഗോ ജോട്ടയും മുഹമ്മദ് സലായുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഡിയോഗോ ആദ്യം ഗോൾ നേടിയത്. പൗളിഞ്ഞോയുടെ ഫൗളിൽ നിന്നും ലഭിച്ച പെനാൽറ്റിയാണ് മുഹമ്മദ് സലാ ഗോളാക്കിയത്.

റയൽ മാഡ്രിഡിനെ ബൊറൂസിയ മോഞ്ചൻ ഗ്ലാഡ്ബാഷ് സമനിലയിൽ തളച്ചു. ജർമ്മൻ ക്ലബായ ബൊറൂസിയ മൊഞ്ചൻ ഗ്ലാഡ്ബാഷിനെതിരെ 87 മിനുട്ട് വരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷമാണ് റയൽ പരാജയം ഒഴിവാക്കിയത്. റയൽ അവസാനം പൊരുതി 2-2ന്റെ സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബയേൺ മ്യൂണിക്, ലോകോ മോട്ടീവ് മോസ്കോയെ തോൽപ്പിച്ചത്. ബയേൺ മ്യൂണിക്കിന് വേണ്ടി ലിയോൺ ഗോരെട്സ്കയും യോഷ്വാ കിമ്മിഷും ഗോളടിച്ചു. മിറാഞ്ചുകാണ് ലോക്കോമോട്ടീവ് മോസ്കോയുടെ ആശ്വാസ ഗോൾ നേടിയത്.

ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച ശക്തർ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനെയും പിടിച്ചുകെട്ടി. മത്സരം ഗോൾരഹിത സമനിലയിൽ ആണ് അവസാനിച്ചത്. ലൗട്ടാരോ മാർട്ടിനെസും ലുകാകുവും ഒക്കെ ഇറങ്ങിയെങ്കിലും ശക്തറിന്റെ ഡിഫൻസിനെ മറികടന്ന് ഗോളടിക്കാൻ റയൽ മാഡ്രിഡിനായില്ല.