സാൻ സിറോ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ ടീമുകൾക്ക് ഇന്നും മത്സരം. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ, ബയേൺ മ്യൂണിക്ക് തുടങ്ങിയവരെല്ലാം നാലാം റൗണ്ട് മത്സരത്തിനിറങ്ങും.

പ്രീമിയർ ലീഗിൽ തപ്പിത്തടയുന്ന മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് ബൂട്ടുകെട്ടുന്നത് ഒളിംപിയാക്കോസിനെതിരെ. ഇന്ത്യൻ സമയം രാത്രി 11.25ന് ഒളിംപിയാക്കോസിന്റെ മൈതാനത്താണ് മത്സരം. മുൻനിരതാരങ്ങളുടെ പരുക്കാണ് സിറ്റിയുടെ ആശങ്ക. ബെഞ്ചമിൻ മെൻഡിയും നഥാൻ ആകെയുമെല്ലാം പരിക്കിന്റെ പിടിയിൽ. 

റഹീം സ്റ്റെർലിംഗിനൊപ്പം നീണ്ട ഇടവേളയ്ക്ക് ശേഷം സെർജഡിയോ അഗ്യൂറോ സിറ്റിയിൽ തിരിച്ചെത്തിയേക്കും. ആദ്യ മൂന്ന് കളിയിലും ഗോൾ നേടിയ ഫെറാൻ ടോറസ് ഉഗ്രൻ ഫോമിൽ. പരിക്കിനൊപ്പം താരങ്ങളുടെ കൊവിഡ് ബാധയും ഒളിംപിയാക്കോസിന് തിരിച്ചടിയാവും. 

പരുക്കിൽ നട്ടം തിരിയുന്ന ലിവർപൂളിന്റെ എതിരാളികൾ അറ്റലാന്റയാണ്. മുഹമ്മദ് സലാ കൊവിഡ് മുക്തനായത് ലിവർപൂളിന് ആശ്വാസമാണ്. സലാ, ഫിർമിനോ, ജോട്ട മുന്നേറ്റ നിരയിലാണ് മുൻ ചാമ്പ്യൻമാരുടെ പ്രതീക്ഷ. ഒൻപത് പോയിന്റുള്ള ലിവർപൂൾ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ്. നാല് പോയിന്റുള്ള അറ്റലാന്റ മൂന്നാം സ്ഥാനത്തും. 

നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള അയാക്സ് മൂന്ന് കളിയും തോറ്റ മിഡ്റ്റിലാൻഡുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിലെ സൂപ്പർ പോരാട്ടത്തിൽ റയൽ മാഡ്രിഡ് ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനുമായി ഏറ്റുമുട്ടും. കരീം ബെൻസേമ, എഡർ മിലിറ്റാവോ, ഒഡ്രിയാസോള, ലൂക്ക ജോവിച്ച് തുടങ്ങിയവരൊന്നും റയൽ നിരയിലുണ്ടാവില്ല. എഡൻ ഹസാർഡും കാസിമിറോയും കൊവിഡ് മുക്തരായി തിരിച്ചെത്തുന്നതാണ് കോച്ച് സിനദിൻ സിദാന്റെ ആശ്വാസം. 

ലൗറ്ററോ മാർട്ടിനസ്, റൊമേലു ലുക്കാക്കു അറ്റാക്കിംഗ് ജോഡിയിലാണ് ഇന്ററിന്റെ പ്രതീക്ഷ. ആദ്യപാദത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് റയൽ ജയിച്ചിരുന്നു. നാല് പോയിന്റുള്ള റയൽ മൂന്നും രണ്ടുപോയിന്റുള്ള ഇന്റർ നാലും സ്ഥാനത്താണ്. ഗ്രൂപ്പ് എയിൽ ചാമ്പ്യൻമാർക്കൊത്ത പ്രകടനം തുടരുന്ന ബയേൺ മ്യൂണിക്കിന് റെഡ് ബുൾ സാൽസ്ബർഗാണ് എതിരാളികൾ. മൂന്ന് കളിയിൽ 12 ഗോൾ നേടി ഒന്നാംസ്ഥാനത്തുള്ള ബയേണിന് ഇന്ന് ജയിച്ചാൽ തുടർച്ചയായ പതിമൂന്നാം സീസണിലും നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം.

ലെവൻഡോവ്സ്കി, ഗ്നാബ്രി, മുള്ളർ, സാനേ കൂട്ടുകെട്ടിനെ തടയുക സാൽസ്ബർഗിന് എളുപ്പമായിരിക്കില്ല. നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള അത്‍ലറ്റിക്കോ മാഡ്രിഡ്, ലോകോമോട്ടീവ് മോസ്‌കോയെ നേരിടും.

ചാമ്പ്യൻസ് ലീഗ്: ബാഴ്‌സയും യുവന്റസും ചെൽസിയും നോക്കൗട്ട് റൗണ്ടിൽ