Asianet News MalayalamAsianet News Malayalam

ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം; മെസി ബാഴ്‌സ ജേഴ്‌സിയില്‍ തിരിച്ചെത്തും

പരിക്ക് മാറി ലിയോണല്‍ മെസി ഇന്ന് ബാഴ്‌സലോണ ജേഴ്‌സിയില്‍ തിരിച്ചെത്തും. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ ഇന്ന് രാത്രി നടക്കുന്ന എവേമത്സരത്തില്‍ മെസി കളിക്കുമെന്ന് ബാഴ്‌സലോണ സ്ഥിരീകരിച്ചു.

UEFA Champions leauge starting today and messi will return to barca
Author
Barcelona, First Published Sep 17, 2019, 8:40 AM IST

ബാഴ്‌സലോണ: പരിക്ക് മാറി ലിയോണല്‍ മെസി ഇന്ന് ബാഴ്‌സലോണ ജേഴ്‌സിയില്‍ തിരിച്ചെത്തും. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ ഇന്ന് രാത്രി നടക്കുന്ന എവേമത്സരത്തില്‍ മെസി കളിക്കുമെന്ന് ബാഴ്‌സലോണ സ്ഥിരീകരിച്ചു. സീസണിന് മുന്‍പ് പരിക്കേറ്റ മെസി, സ്പാനിഷ് ലീഗില്‍ ഇക്കുറി കളിച്ചിരുന്നില്ല. ഞായറാഴ്ചയാണ് മെസി ബാഴ്‌സ താരങ്ങള്‍ക്കൊപ്പം പരിശീലനം വീണ്ടും തുടങ്ങിയത്. 

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്നാണ് തുടക്കമാവുന്നത്. നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍, ചെല്‍സി, ബാഴ്‌സലോണ, ടോട്ടനം തുടങ്ങിയവര്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. യൂറോപ്യന്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന ലിവര്‍പൂളിന്റെ ആദ്യ എതിരാളികള്‍ ഇറ്റാലിയന്‍ ക്ലബായ നാപ്പോളി. രാത്രി പന്ത്രണ്ടരമുതല്‍ നാപ്പോളിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. പ്രീമിയര്‍ ലീഗില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ലിവര്‍പൂളിനെ പിടിച്ചുകെട്ടുക നാപ്പോളിക്ക് എളുപ്പമാവില്ല. 

ഡോര്‍ട്ട്മുണ്ടിനെതിരെ മെസി ആദ്യ ഇലവനില്‍ തിരിച്ചെത്തുമോയെന്ന് ഉറപ്പില്ല. യുവതാരം അന്‍സു ഫാറ്റിയുടെ സ്‌കോറിംഗ് മികവും ലൂയിസ് സുവാരസ് പരുക്ക് മാറിയെത്തിയതും ബാഴ്‌സയ്ക്ക് ആശ്വാസമാണ്. തകര്‍പ്പന്‍ ഫോമിലുള്ള ജേഡണ്‍ സാഞ്ചോയുടെ ബൂട്ടുകളിലാണ് ബൊറൂസ്യയുടെ പ്രതീക്ഷ. മാര്‍ക്കോ റേയസ്, ബാഴ്‌സയുടെ മുന്‍താരമായിരുന്ന അല്‍കാസര്‍, റാഫേല്‍ ഗരേറോ എന്നിവരും കാറ്റലന്‍ പ്രതിരോധത്തിന് വെല്ലുവിളിയാവും. 

നിലവിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടനം ആദ്യ മത്സരത്തില്‍ ഒളിംപിയാക്കോസുമായി ഏറ്റുമുട്ടും. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ലീഗിലേക്ക് തിരിച്ചെത്തുന്ന ചെല്‍സി, വലന്‍സിയെയണ് നേരിടുക. ഇന്റര്‍ മിലാന്‍- സ്ലാവിയ പ്രാഹ, ലിയോണ്‍- സെനിത്, അയാക്‌സ്- ലിലി, ബെന്‍ഫിക്ക- ലെപ്‌സിഗ്, ബ്രൂഗെ- ഗലാറ്റസരെ മത്സരവും ഇന്ന് നടക്കും.

Follow Us:
Download App:
  • android
  • ios