കിതച്ച് തുടങ്ങിയെങ്കിലും ഫൈവ് സ്റ്റാർ തിളക്കവുമായാണ് പ്രീ ക്വാർട്ടർ പോരാട്ടത്തിന് സ്പെയ്ൻ വരുന്നത്

കോപ്പന്‍ഹേഗന്‍: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ. ക്രൊയേഷ്യ രാത്രി ഒൻപതരയ്ക്ക് മുൻ ചാമ്പ്യൻമാരായ സ്പെയ്നെയും ലോക ചാമ്പ്യൻമാരായ ഫ്രാൻസ് രാത്രി പന്ത്രണ്ടരയ്ക്ക് സ്വിറ്റ്സർലൻഡിനെയും നേരിടും.

കിതച്ച് തുടങ്ങിയെങ്കിലും ഫൈവ് സ്റ്റാർ തിളക്കവുമായാണ് പ്രീ ക്വാർട്ടർ പോരാട്ടത്തിന് സ്പെയ്ൻ വരുന്നത്. അതേസമയം ലോകകപ്പ് ഫൈനലിസ്റ്റുകളുടെ പെരുമയ്ക്കൊത്ത് പന്ത് തട്ടാനാവാതെ ക്രൊയേഷ്യ കിതക്കുകയാണ്. കുറിയ പാസുകളുമായി പുൽപ്പരപ്പിൽ ഒഴുകിപ്പരക്കുന്ന സ്പാനിഷ് സംഘത്തിൽ നിന്ന് പന്ത് തട്ടിയെടുക്കുകയാവും ക്രോട്ടുകളുടെ ആദ്യ വെല്ലുവിളി. കൊവിഡ് ബാധിതനായ ഇവാൻ പെരിസിച്ചിന് പകരം ആൻറെ റെബിച്ചിന് അവസരം കിട്ടും. നായകൻ ലൂക്ക മോഡ്രിച്ച്, മാർസെലോ ബ്രോസോവിച്, മത്തേയോ കൊവാസിച്ച് എന്നിവരടങ്ങിയ മധ്യനിരയുടെ പ്രകടനമാവും ക്രൊയേഷ്യയുടെ തലവര നിശ്ചയിക്കുക.

മൊറേനോ, മൊറാട്ട, സറാബിയ ത്രയത്തെ ഗോളടിക്കാനും ബുസ്കറ്റ്സ്, പെഡ്രി, കൊക്കെ ത്രയത്തെ ഗോളടിപ്പിക്കാനും നിയോഗിച്ചാവും സ്പാനിഷ് കോച്ച് ലൂയിസ് എൻറീകേ തന്ത്രങ്ങൾ ആവിഷ്കരിക്കുക. 

ഫ്രാൻസ് 2018ൽ ഫുട്ബോൾ ലോകം കാൽക്കീഴിലാക്കിയെങ്കിലും യൂറോയിൽ ആ വീര്യം കാണാനില്ല. ജർമനിക്കെതിരെ വീണുകിട്ടിയ ഗോളിൽ കഷ്ടിച്ച് ജയിച്ചപ്പോള്‍ ഹംഗറിയോടും പോർച്ചുഗലിനോടും സമനിലക്കുരുക്കിലായി. ഫോമിലേക്കെത്തിയാൽ ഫ്രാൻസിനെ പിടിച്ചുകെട്ടുക സ്വിസ് പ്രതിരോധത്തിന് എളുപ്പമാവില്ല. കിലിയന്‍ എംബാപ്പേ, അന്‍റോയിന്‍ ഗ്രീസ്മാൻ, കരീം ബെൻസേമ എന്നിവർ ഏത് നിമിഷവും ഗോൾ കണ്ടെത്താൻ ശേഷിയുള്ളവരാണ്. മധ്യനിരയിലും പ്രതിരോധത്തിലും ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാമിന് ആശങ്കയൊന്നുമില്ല.

എന്നാല്‍ ഷാക്ക, ഷാക്കീരി ജോഡി സ്വിസ് പ്രതീക്ഷകൾ കാലിലേക്ക് ആവാഹിച്ചാൽ ഫ്രഞ്ച് കോട്ട തകർന്നുവീണേക്കാം. 

ക്രൊയേഷ്യയും സ്പെയ്നും ഏറ്റുമുട്ടുന്ന ഒൻപതാമത്തെ മത്സരമാണിത്. സ്പെയ്ൻ നാല് കളിയിലും ക്രൊയേഷ്യ മൂന്ന് കളിയിലും ജയിച്ചിട്ടുണ്ട്. ഒരു കളി സമനിലയിൽ അവസാനിച്ചു. ഇരു ടീമും അവസാനം ഏറ്റുമുട്ടിയത് 2018ലെ യുവേഫ നേഷൻസ് ലീഗിലാണ്. അന്ന് ക്രൊയേഷ്യ രണ്ടിനെതിരെ മൂന്ന് ഗോളിന് സ്പെയ്നെ തോൽപിച്ചു.

അതേസമയം ഫ്രാൻസും സ്വിറ്റ്സർലൻഡും ഇതുവരെ 38 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഫ്രാൻസ് പതിനാറ് കളിയിലും സ്വിറ്റ്സർലൻഡ് പന്ത്രണ്ട് കളിയിലും ജയിച്ചു. പത്ത് മത്സരം സമനിലയിൽ അവസാനിച്ചു. 2016ൽ ഇരു ടീമും അവസാനം ഏറ്റുമുട്ടിയ മത്സരം ഗോളില്ലാ സമനിലയിൽ അവസാനിക്കുകയായിരുന്നു.

കൂടുതല്‍ യൂറോ വാർത്തകള്‍...

ഹസാര്‍ഡിന്റെ ഒരടിയില്‍ പറങ്കിപ്പട തീര്‍ന്നു; നിലവിലെ ചാംപ്യന്മാരെ മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍

ഡി ലിറ്റിന് ചുവപ്പ് കാര്‍ഡ്, ബുദാപെസ്റ്റില്‍ ഓറഞ്ച് കണ്ണീര്‍; ചെക് റിപ്പബ്ലിക്ക് യൂറോ ക്വാര്‍ട്ടറില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoron