മാഞ്ചസ്റ്റര്‍: യൂറോപ്പ ലീഗ് ഫുട്ബോളിൽ ക്ലബ് ബ്രുഗെയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ കടന്നു. ബ്രസീലിയൻ താരം ഫ്രെഡ് യുണൈറ്റഡിനായി ഇരട്ടഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസ്, ഇഗാലോ, മക്ടോംനി എന്നിവർ മറ്റ് ഗോളുകൾ നേടി. 22--ാം മിനുട്ടിൽ സിമോൺ ഡെലി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ക്ലബ് ബ്രുഗെയ്ക്ക് തിരിച്ചടിയായി.

അതേസമയം ആഴ്‌സനൽ പ്രീക്വാർട്ടറിലെത്താതെ പുറത്തായി. നോക്കൗട്ട് റൗണ്ടിൽ ഒളിമ്പിയാക്കോസാണ് ആഴ്‌സനലിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചത്. ആദ്യ പാദം 1-0ന് ജയിച്ച ആഴ്‌സനൽ അഗ്രിഗേറ്റ് സ്‌കോറിൽ ഒപ്പമെത്തിയെങ്കിലും എവേ ഗോളിന്‍റെ ആനുകൂല്യത്തിൽ ഒളിമ്പിയാക്കോസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. 53-ാം മിനുട്ടിൽ ഒളിന്പിയാക്കോസാണ് ആദ്യം ഗോൾ നേടിയത്. അധിക സമയത്ത് ഒബമയാങിലൂടെ ആഴ്‌സനൽ ഒപ്പമെത്തി. കളി തീരാൻ ഒരു മിനുട്ട് ശേഷിക്കേ യൂസഫ് എൽ അറാബി നേടിയ ഗോളിലൂടെ ഒളിമ്പിയാക്കോസ് ജയം പിടിച്ചെടുത്തു.

ലുഡൊഗൊറെറ്റ്സിനെ തോൽപ്പിച്ച് ഇന്‍റർമിലാനും പ്രീക്വാർട്ടറിൽ കടന്നു. രണ്ടാംപാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്‍റർ ജയിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്‍ററിന്‍റെ ജയം. ക്രിസ്റ്റ്യാനോ ബിരാഗി,റൊമേലു ലുക്കാക്കു എന്നിവരാണ് ഇന്‍റർ മിലാനായി ഗോൾ നേടിയത്.

യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ടിലെ രണ്ടാം പാദത്തിൽ ജയിച്ചിട്ടും അയാക്‌സ് പുറത്തായി. സ്‌പാനിഷ് ക്ലബ് ഗെറ്റഫയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് അയാക്‌സ് തോൽപ്പിച്ചത്. ആദ്യപാദ മത്സരത്തിൽ 2-0ന് തോറ്റതാണ് അയാക്‌സിന് തിരിച്ചടിയായത്.