മാ‌ഞ്ചസ്റ്റര്‍: യൂറോപ്പാ ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഇടം തേടി മാ‌ഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് ഇന്നിറങ്ങും. ബെൽജിയം ചാമ്പ്യന്മാരായ ക്ലബ് ബ്രുഗ് ആണ് എതിരാളികള്‍. രണ്ടാംപാദ മത്സരം ആണ് ഇന്ന് യുണൈറ്റഡ് മൈതാനത്ത് നടക്കുക. ആദ്യപാദത്തില്‍ ഇരുടീമും ഒരു ഗോള്‍ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ത്യന്‍ സമയം രാത്രി 1.30ന് മത്സരം തുടങ്ങും.

മത്സരത്തിന് മുന്‍പേ ബെൽജിയം ക്ലബ്ബിന് തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ റൂഡ് വോര്‍മറും ഫോര്‍വേ‍ഡ് ഇമ്മാനുവേല്‍ ഡെന്നിസും പരിക്ക് കാരണം ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് എത്തിയിട്ടില്ല. സ്‌കോട് മക്‌ടോമിനെയ്, എറിക് ബെയ്‍‍ലി എന്നിവര്‍ യുണൈറ്റഡിനായി കളിച്ചേക്കും. പ്രീമിയര്‍ ലീഗിൽ വാറ്റ്ഫോര്‍ഡിനെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന യുണൈറ്റഡിന് മേൽക്കൈ ഉണ്ടെന്നാണ് വിലയിരുത്തൽ.

വമ്പന്‍മാരെല്ലാം കളത്തില്‍

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ മറ്റ് പ്രമുഖ ടീമുകള്‍ക്കും ഇന്ന് മത്സരങ്ങളുണ്ട്. ഇന്‍റര്‍മിലാന്‍, ആഴ്‌സനല്‍, അയാക്‌സ്, ബെന്‍ഫിക്ക ടീമുകള്‍ രണ്ടാംപാദ മത്സരങ്ങള്‍ കളിക്കും.

ആഴ്‌സനല്‍ സ്വന്തം ഗ്രൗണ്ടിൽ ഒളിംപിയാക്കോസിനെ നേരിടും. എവേ മത്സരത്തില്‍ ആഴ്‌സനല്‍ ഒരു ഗോള്‍ ജയം നേടിയിരുന്നു. സെവിയ്യ, CFRനെയും അയാക്‌സ്, ഗെറ്റാഫെയെയും ഇന്‍ര്‍, ലുഡോഗോറെറ്റ്സിനെയും ബെൻഫിക്ക, ഷാക്തറിനെയും റെഡ് ബുള്‍, ഐന്‍ട്രാക്റ്റിനെയും ഇന്ത്യന്‍ സമയം രാത്രി 1.30ന് തുടങ്ങുന്ന മത്സരങ്ങളില്‍ നേരിടും. രാത്രി 11.30ന് പോര്‍ട്ടോ ബയേര്‍ ലെവര്‍കൂസനെയും നേരിടും.