ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. മറ്റൊരു മത്സരത്തിൽ ബെൽജിയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റഷ്യയെ തോൽപ്പിച്ചു. 

ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ അസർബൈജാനെ ക്രൊയേഷ്യ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. പത്തൊൻപതാം മിനിറ്റിൽ റമിൽ ഷെയ്ദയേവിലൂടെ അസർബൈജനാണ് ആദ്യ ഗോൾ നേടിയത്. 44-ാം മിനിറ്റിൽ ബോർണ ബാരിസിച്ച് ഗോൾ മടക്കി. 79-ാം മിനിറ്റിൽ ആൻഡ്രേജ് കമാഡ്രിച്ചിലൂടെയായിരുന്നു ക്രൊയേഷ്യയുടെ വിജയഗോൾ.

Add Asianetnews as a Preferred SourcegooglePreferred

മറ്റൊരു മത്സരത്തിൽ ബെൽജിയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റഷ്യയെ തോൽപ്പിച്ചു. 14-ാം മിനിറ്റിൽ യൂറി നേടിയ ഗോളിലൂടെ ബെൽജിയമാണ് ആദ്യം ലീഡ് നേടിയത്. രണ്ട് മിനിറ്റിനകം ഡെനിഷ് ചെറിഷേവിലൂടെ റഷ്യ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഈദൻ ഹസാർഡ് പെനാൽറ്റിയിലൂടെ ബെല്‍ജിയത്തെ വീണ്ടും മുന്നിലെത്തിച്ചു. 88-ാം മിനിറ്റിൽ ഹസാർഡ് തന്നെയാണ് ബെല്‍ജിയത്തിന്‍റെ മൂന്നാം ഗോളും നേടിയത്. 90-ാം മിനിറ്റിൽ റഷ്യയുടെ അലക്സാണ്ടർ ഗൊളോവിൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 

യൂറോ കപ്പ് യോഗ്യത റൗണ്ടിലെ മറ്റൊരു മത്സരത്തിൽ ബലാറാസിനെ ഹോളണ്ട് എതിരില്ലാത്ത നാല് ഗോളിന് തകർത്തു. മെംഫിസ് ഡിപെയ് ഇരട്ടഗോൾ നേടി. കളി തുടങ്ങി ആദ്യമിനിറ്റിൽ തന്നെ മെംഫിസ് ഹോളണ്ടിനായി ഗോൾ നേടി. 55-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു മെംഫിസിന്‍റെ രണ്ടാം ഗോൾ. ജോര്‍ജീന്യോയും(21) വിര്‍ജിലുമാണ്(86) മറ്റ് ഗോളുകള്‍ നേടിയത്.