ഈജിപ്ഷ്യൻ സംവിധായകൻ അലി എൽ അറബി ഒരുക്കിയ '52 ബ്ലൂ' എന്ന അന്താരാഷ്ട്ര സിനിമയെക്കുറിച്ചാണ് ഈ ലേഖനം. ലിയോണൽ മെസ്സിയെ കാണാൻ സ്വപ്നം കണ്ട് ഖത്തർ ലോകകപ്പിലേക്ക് യാത്രയാകുന്ന ആഷിഷ് എന്ന മലയാളി യുവാവിന്റെ കഥ പറയുന്ന ചിത്രത്തിൽ, യാദവ് ശശിധറാണ് നായകൻ.

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകം വീണ്ടും ലിയോണല്‍ മെസിയെ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഫിഫ ലോകകപ്പ് ഫൈനലിന്റെ ആവേശം ലോകമെമ്പാടും ഉയരുമ്പോള്‍, മെസിയെ കേന്ദ്രമാക്കി പറയുന്ന ഒരു അന്താരാഷ്ട്ര സിനിമയും ശ്രദ്ധ നേടുകയാണ്. എന്നാല്‍ ഇത് ഒരു ഫുട്‌ബോള്‍ താരത്തിന്റെ കഥ മാത്രമല്ല. കേരളത്തില്‍ നിന്നുള്ള ഒരു യുവ നടന്റെ ലോക സിനിമയിലേക്കുള്ള യാത്രയുടെ കഥ കൂടിയാണ്.

ആ നടന്‍ യാദവ് ശശിധര്‍

ഈജിപ്തിലെ പ്രശസ്ത സംവിധായകന്‍ അലി എല്‍ അറബി സംവിധാനം ചെയ്ത അന്താരാഷ്ട്ര ചിത്രം '52 ബ്ലൂ'യില്‍ നായക കഥാപാത്രമായ ആഷിഷിനെ അവതരിപ്പിക്കുന്നത് യാദവ് ശശിധറാണ്. കേരളത്തിലെ ഒരു ചെറിയ ദ്വീപില്‍ ജീവിക്കുന്ന സാധാരണ യുവാവായ ആഷിഷിന്റെ ജീവിതം, ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ ഒരിക്കലെങ്കിലും നേരില്‍ കാണണം എന്ന സ്വപ്നത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. ആ സ്വപ്നം അവനെ 2022 ഫിഫ ലോകകപ്പിന്റെ വേദിയായ ഖത്തറിലേക്ക് നയിക്കുന്നു. എന്നാല്‍ അവിടെ നിന്ന് സിനിമ പറയുന്നത് ഒരു ഫുട്‌ബോള്‍ ആരാധകന്റെ കഥയല്ല; പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും ജീവിതത്തെ മാറ്റിമറിക്കുന്ന സ്വപ്നങ്ങളുടെയും കഥയാണ്.

ഈ സിനിമയുടെ ഏറ്റവും കൗതുകകരമായ യാഥാര്‍ഥ്യങ്ങളിലൊന്ന്, മെസി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ നേരില്‍ കാണുകയും ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്ററില്‍ ഒപ്പുവെക്കുകയും ചെയ്തതാണ്. സിനിമയില്‍ മെസിയെ കാണാനായി യാത്ര തിരിക്കുന്ന ഒരു യുവാവിന്റെ കഥ പറയുമ്പോള്‍, യഥാര്‍ഥ ജീവിതത്തിലും മെസി ചിത്രത്തിന്റെ ഭാഗമാകുന്നത് 52 ബ്ലൂവിന് അപൂര്‍വമായ ആഗോള ശ്രദ്ധ നേടിക്കൊടുത്തു. യാദവ് ശശിധറിന് ഇത് ഒരു സിനിമ മാത്രമല്ല, വര്‍ഷങ്ങളായുള്ള അഭിനയയാത്രയിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും അഭിനയരംഗത്ത് സാന്നിധ്യം അറിയിച്ച യാദവ്, ഇപ്പോള്‍ ഒരു വിദേശ സംവിധായകന്‍ ഒരുക്കിയ അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രത്തിന്റെ മുഴുവന്‍ കഥയും ചുമലിലേറ്റുന്ന നായകനായി ലോക സിനിമയുടെ വേദിയിലെത്തുകയാണ്.

ചിത്രത്തില്‍ ദേശീയ പുരസ്‌കാര ജേതാവായ ആദില്‍ ഹുസൈന്‍ യാദവിന്റെ പിതാവായും നേഹ ധൂപിയ മാതാവായും അഭിനയിക്കുന്നു. അന്താരാഷ്ട്ര സിനിമയിലേക്കുള്ള നേഹ ധൂപിയയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് 52 ബ്ലൂ. എന്നാല്‍ സിനിമയുടെ ഹൃദയവും പ്രേക്ഷകനെ മുന്നോട്ട് നയിക്കുന്ന കഥാപാത്രവും യാദവ് അവതരിപ്പിക്കുന്ന ആഷിഷാണ്. കേരളത്തിലെ മനോഹരമായ ദ്വീപുകളിലും ബാക്ക് വാട്ടറുകളിലുമാണ് കഥ ആരംഭിക്കുന്നത്. പിന്നീട് അത് ഖത്തറിലെ ലോകകപ്പ് വേദിയിലേക്ക് സഞ്ചരിക്കുന്നു. അതിരുകള്‍ കടന്ന് സ്വപ്നം കാണുന്ന ഓരോ മനുഷ്യന്റെയും വികാരങ്ങളെയാണ് ചിത്രം സ്പര്‍ശിക്കുന്നത്.

ഇതിനോടകം തന്നെ 52 ബ്ലൂ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. വാഷിങ്ടണ്‍ ഡി സി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം പിന്നീട് യൂറോപ്പിലെ ഏറ്റവും വലിയ ദക്ഷിണേഷ്യന്‍ ചലച്ചിത്രമേളകളിലൊന്നായ ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നടന്ന യൂറോപ്യന്‍ പ്രീമിയറിലും യാദവ് ശശിധറിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈജിപ്ത്, ഇന്ത്യ, അമേരിക്ക, ഖത്തര്‍ എന്നിവിടങ്ങളിലെ കലാകാരന്മാരെ ഒരുമിപ്പിച്ച് Ambient Light നിര്‍മിച്ച 52 ബ്ലൂ, കേരളത്തിന്റെ മണ്ണില്‍ ജനിച്ച ഒരു കഥയെ ലോക പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അപൂര്‍വ അന്താരാഷ്ട്ര സംരംഭമാണ്.

ലോകം വീണ്ടും മെസിയുടെ മാജിക്കിനായി കാത്തിരിക്കുന്ന ഈ വേളയില്‍, 52 ബ്ലൂ മറ്റൊരു സത്യം ഓര്‍മ്മിപ്പിക്കുന്നു. ചിലപ്പോള്‍ ഒരു ഫുട്‌ബോള്‍ താരത്തിന്റെ പ്രചോദനം ഒരു സിനിമയ്ക്ക് ജന്മം നല്‍കും. ചിലപ്പോള്‍ ആ സിനിമ ഒരു നടന്റെ ജീവിതവും മാറ്റിമറിക്കും. മെസ്സിയെ സ്വപ്നം കണ്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച്, ആ സ്വപ്നത്തെ ലോക വേദിയിലേക്ക് എത്തിച്ച യാദവ് ശശിധര്‍ ഇന്ന് കേരളത്തില്‍ നിന്ന് അന്താരാഷ്ട്ര സിനിമയിലേക്കുള്ള പുതിയ തലമുറയുടെ പ്രതീക്ഷയായി മാറുകയാണ്.

YouTube video player