യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെ തകർത്ത് ബെൽജിയം സെമിയിലേക്ക് മുന്നേറി. നിർണായക മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ബെൽജിയത്തിന്റെ ജയം.  റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോൾ മികവിലാണ് ബെൽജിയം സെമിയിലേക്ക് കുതിച്ചത്. 57, 69 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകൾ. തോൽവിയോടെ ഡെൻമാർക്ക് സെമി കാണാതെ പുറത്തായി. യൂറി ടെലിമാൻസ്, കെവിൻ ഡിബ്രൂയിൻ എന്നിവരാണ് മറ്റ് സ്‌കോറർമാർ.

മറ്റൊരു മത്സരത്തിൽ ബോസ്നിയയെ തോൽപ്പിച്ച് മുൻ ലോക ചാമ്പ്യൻമാരായ ഇറ്റലിയും സെമിയിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറ്റലിയുടെ ജയം. ബെലോട്ടി, ബെറാർഡി എന്നിവരാണ് ഇറ്റലിയുടെ ഗോളുകൾ നേടിയത്. ഇതോടെ സെമി ഫൈനൽ ലൈനപ്പ് പൂർത്തിയായി. നേരത്തേ ഫ്രാൻസും സ്‌പെയ്‌നും സെമിയിൽ എത്തിയിരുന്നു. 

അവസാന മത്സരത്തിൽ പോളണ്ടിനോട് ജയിച്ചെങ്കിലും നെതർലൻഡ്സിന് സെമി ഉറപ്പിക്കാനായില്ല. ഒന്നിനെതിരെ രണ്ട് ഗോളിനാണ് നെതർലൻഡ്സിന്‍റെ ജയം. 

മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഐസ്‍ലൻഡിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്തു. ഫിൽ ഫോഡന്‍റെ ഇരട്ടഗോൾ മികവിലാണ് ഇംഗ്ലണ്ടിന്റെ ജയം. ഡെക്ലാൻ റൈസും മേസൺ മൗണ്ടുമാണ് മറ്റ് ഗോളുകൾ നേടിയത്. ഇംഗ്ലണ്ട് നേരത്തെ സെമി കാണാതെ പുറത്തായിരുന്നു. അടുത്ത വ‍ർഷം ഒക്ടോബറിലാണ് സെമി ഫൈനൽ പോരാട്ടങ്ങൾ നടക്കുക.