ടൂർണമെന്‍റിൽ തോൽവിയറിയാതെയാണ് പോർച്ചുഗലും ചെക്ക് റിപ്പബ്ലിക്കും നേർക്കുനേർ വരുന്നത്

ലിസ്‌ബണ്‍: യുവേഫ നേഷൻസ് ലീഗിൽ(UEFA Nations League) ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ(Cristiano Ronaldo) പോർച്ചുഗൽ ഇന്നിറങ്ങും. ചെക്ക് റിപ്പബ്ലിക്കാണ്(Portugal vs Czech Republic) എതിരാളികൾ. സ്വിറ്റ്സർലൻഡിനെ സ്പെയിൻ(Switzerland vs Spain) നേരിടും. രാത്രി പന്ത്രണ്ടേകാലിനാണ് എല്ലാ മത്സരങ്ങളും തുടങ്ങുക.

Add Asianetnews as a Preferred SourcegooglePreferred

ടൂർണമെന്‍റിൽ തോൽവിയറിയാതെയാണ് പോർച്ചുഗലും ചെക്ക് റിപ്പബ്ലിക്കും നേർക്കുനേർ വരുന്നത്. സ്വിറ്റ്സർലൻഡിനെ 4 ഗോളിന് തകർത്തപ്പോൾ ഇരട്ട ഗോളുകളോടെ തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പോർച്ചുഗൽ നിരയിൽ ശ്രദ്ധാകേന്ദ്രം. അന്താരാഷ്‍ട്ര ഫുട്ബോളിൽ 117 ഗോളുകളായി പോർച്ചുഗൽ നായകന്. ബ്രൂണോ ഫെർണാണ്ടസ്, ഡിഗോ ജോട്ട, റൂബൻ നെവസ്, ബെർണാഡോ സിൽവ, യാവോ കാൻസെലോ എന്നിവരും പറങ്കികളുടെ കരുത്താണ്. സ്വന്തം മണ്ണിൽ മത്സരമെന്നതും പോർച്ചുഗലിന് കരുത്ത് കൂട്ടും.

സ്പെയിനിനെ സമനിലയിൽ തളച്ചാണ് ചെക്ക് റിപ്പബ്ലിക്ക് ലിസ്ബണിലെത്തുന്നത്. ജയിക്കുന്നവർക്ക് ഗ്രൂപ്പിൽ മുന്നിലെത്താം. ടൂർണമെന്‍റിൽ രണ്ട് തോൽവിയേറ്റുവാങ്ങിയ സ്വിറ്റ്സർലൻഡിന് ഇത്തവണ വെല്ലുവിളി കരുത്തരായ സ്പെയിൻ. എൻറിക്കെയുടെ തന്ത്രങ്ങളും യുവതാരങ്ങളുടെ മികവുമുണ്ടെങ്കിലും സീസണിൽ വിജയത്തിലെത്താനായിട്ടില്ല മുൻ ലോക ചാമ്പ്യന്മാർക്ക്. രണ്ട് സമനിലയാണ് സമ്പാദ്യം. ഷാക്ക, ഷാക്കിരി, സെഫറോവിച്ച് എന്നിവരിലാണ് സ്വിറ്റ്സർലൻഡിന്‍റെ പ്രതീക്ഷ. 

നേർക്കുനേർ പോരിൽ സ്വിസ് ടീമിനെതിരെ സ്പെയിനിന് തന്നെയാണ് മേൽക്കൈ. 23 കളിയിൽ 17ലും ജയം. അവസാനം ഏറ്റുമുട്ടിയ യൂറോ കപ്പ് ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്പെയിൻ ജയിച്ചത്. മറ്റ് മത്സരങ്ങളിൽ വടക്കൻ മാസിഡോണിയ, ജോർജിയയെയും മാൾട്ട, എസ്റ്റോണിയയെയും സ്വീഡൻ, സെർബിയയെയും നോർവെ, സ്ലൊവേനിയയെയും നേരിടും. 

ഏഷ്യന്‍ കപ്പ് യോഗ്യത; ഛേത്രിയുടെ ഡബിളില്‍ കംബോഡിയയെ വീഴ്ത്തി ഇന്ത്യ