ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. ഇപ്പോള്‍ ചെന്നൈയിലുളള ധോണി ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലനത്തിലാണ് ധോണി. 

ധോണിയെ സംബന്ധിച്ചിടത്തോളം ചെന്നൈ മറ്റൊരു വീടുപോലെയാണ്. അവിടുത്തുകാരന്‍ അല്ലാഞ്ഞിട്ട് പോലും ചെന്നൈയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയോട് കടുത്ത ആരാധനയാണ്. ഒരിക്കല്‍ ചെന്നൈയുടെ ഹോംഗ്രൗണ്ട് പൂനെയിലേക്ക് മാറ്റിയപ്പോള്‍ ആരാധകര്‍ പ്രത്യേക ടെയ്‌നില്‍ മത്സരം കാണാനെത്തിയിരുന്നു. ധോണിയാവട്ടെ രാജ്യത്തിനെന്നപോലെ ചെന്നൈയ്ക്ക് വേണ്ടിയും ആത്മാര്‍ത്ഥയോടെ കളിക്കുന്നു. 

ഈയൊരു സാഹചര്യത്തില്‍ ധോണിയുടെ വിരമിക്കല്‍ മത്സരത്തെ കുറിച്ച് ഒരു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ലക്ഷ്മണ്‍ പറയുന്നതിങ്ങനെ... ''ചെന്നൈയ്ക്ക് വേണ്ടി ധോണി എത്രത്തോളം ആത്മാര്‍ത്ഥതയോടെയാണ് കളിക്കുന്നതെന്നുള്ളത് വ്യക്തമായ കാര്യമാണ്. ധോണിക്ക് കീഴിലാണ് ചെന്നൈ ഇത്രത്തോളം നേട്ടങ്ങല്‍ സ്വന്തമാക്കിയത്. ഒരിക്കല്‍കൂടി ധോണി ഐപിഎല്‍ കിരീടമുയര്‍ത്തുന്നത് കാണാന്‍ ആരാധകര്‍ക്ക് ആഗ്രഹമുണ്ടാകും. 

അതോടൊപ്പം ധോണി ചെന്നൈയില്‍ കളിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കും. ചെന്നൈയില്‍ ഇത്രത്തോളം ആഘോഷിക്കപ്പെട്ട ക്രിക്കറ്റ് താരം മറ്റാരുമുണ്ടവില്ല. അതുകൊണ്ട് തന്നെ ധോണി തന്റെ വിടവാങ്ങള്‍ മത്സരം കളിക്കന്നത്. ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആ മത്സരം സിഎസ്‌കെ ആരാധകര്‍ മാത്രമല്ല, ലോകം മുഴുവന്‍ കാണും. അദ്ദേഹത്തിന് കിട്ടാന്‍ പോകുന്ന ഏറ്റവും വലിയ ആദരമായിരിക്കുമത്. 

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങള്‍ മത്സരം അദ്ദേഹത്തിന്റെ ഹോംഗ്രൗണ്ടായ വാംഖഡെയിലായിരുന്നു. അതുപോലെ ധോണി അദ്ദേഹത്തിന്റെ അവസാന മത്സരം ചെപ്പോക്കില്‍ കളിക്കും.'' ലക്ഷ്മണ്‍ പറഞ്ഞുനിര്‍ത്തി.