61-ാം മിനുട്ടില്‍ ശുഭാം ബൗമിക്കിന്‍റെ വകയായിരുന്നു വിജയഗോള്‍. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. 

മലപ്പുറം: 75-ാം സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് (Santosh Trophy) ഫുട്ബോളിന്‍റെ ഹൃദയഭൂമിയായ മലപ്പുറത്ത് (Malappuram) ആവേശത്തുടക്കം. ടൂര്‍ണമെന്‍റിലെ ആദ്യം ജയം വെസ്റ്റ് ബംഗാള്‍ (West Bengal beat Punjab) പേരിലാക്കി. കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ (Kottappadi Football Stadium) എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെ ബംഗാള്‍ തോല്‍പ്പിക്കുകയായിരുന്നു. 61-ാം മിനുട്ടില്‍ ശുഭാം ബൗമിക്കിന്‍റെ (Shubham Bhowmick) വകയായിരുന്നു വിജയഗോള്‍. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ കേരളം രാജസ്ഥാനെ (Kerala vs Rajasthan) നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കളി തുടങ്ങുക. 

ആദ്യ പകുതി

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും വല ചലിച്ചില്ല. ആദ്യ പകുതിയുടെ 12-ാം മിനുട്ടില്‍ പഞ്ചാബിനെ തേടി ആദ്യ അവസരമെത്തി. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീക്കിക്കില്‍ പഞ്ചാബ് മധ്യനിരതാരം ജഷ്ദീപ് സിങ് ഗോളിനായി ശ്രമിച്ചെങ്കിലും വെസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ സുഭേബ്ദു മണ്ഡി തട്ടിയകറ്റി. 20-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വെസ്റ്റ് ബംഗാള്‍ സ്‌ട്രൈക്കര്‍ ശുഭാം ബൗമിക് ഗോളിന് ശ്രമിച്ചെങ്കിലും പോസ്റ്റിനകത്ത് നിലയുറപ്പിച്ചിരുന്ന പഞ്ചാബ് താരം ജഷ്ദീപ് സിങ് രക്ഷകനായി. മൂന്ന് മിനുറ്റിന് ശേഷം ബംഗാളിനെ തേടി രണ്ടാം അവസരമെത്തി. ഫര്‍ദിന്‍ അലി മൊല്ല വിങ്ങില്‍ നിന്ന് ബോക്‌സിന് അകത്തേക്ക് നല്‍കിയ പാസ് ബസു ദേബ് മണ്ഡി പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോളി അനായാസം തടുത്തു. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ 43-ാം മിനുട്ടില്‍ പഞ്ചാബ് താരം തരുണ്‍ സ്ലാത്തിയക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിനെ ഗൗനിക്കാതെ പുറത്തേക്കുപോയി. 

രണ്ടാം പകുതി

രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച കളിച്ച ബംഗാള്‍ സ്‌ട്രൈക്കര്‍ ശുഭാം ബൗമിക്കിനെ തേടി ആദ്യ മിനുട്ടില്‍ തന്നെ അവസരമെത്തി. എന്നാല്‍ ഗോള്‍ മാറിനിന്നു. 61-ാം മിനുട്ടില്‍ ബംഗാള്‍ ലീഡെടുത്തു. വലതുവിങ്ങില്‍ നിന്ന് അണ്ടര്‍ 21 താരം ജയ് ബസ് നല്‍ക്കിയ പാസ് ശുഭാം ബൗമിക് അതിമനോഹരമായ ടാപിങ്ങിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഈ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗോളായി ഇത്. നാല് മിനുട്ടിന് ശേഷം ബംഗാള്‍ താരം തന്‍മോയി ഗോഷ് ലോങ് റൈയ്ഞ്ചിലൂടെ രണ്ടാം ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് ഗോള്‍ കീപ്പര്‍ അതിമനോഹരമായി പ്രതിരോധംതീര്‍ത്തു. കളിയവസാനിക്കാന്‍ ഒരുമിനുട്ട് മാത്രം ബാക്കിനില്‍ക്കെ പഞ്ചാബ് താരം രോഹിത്ത് ഷെയ്ക് ഇടതുവിങ്ങില്‍ നിന്ന് ബോക്‌സിനകത്തേക്ക് നീട്ടിനല്‍കിയ പാസ് അകശദീപ് സിങ് നഷ്ടപ്പെടുത്തിയതുവരെ പോരാട്ടം ആവേശമായി.

Santosh Trophy : മലപ്പുറമൊരുങ്ങി, സന്തോഷ് ട്രോഫിക്ക് ഇന്ന് കിക്കോഫ്; കേരളത്തിന് ആദ്യ മത്സരം