പാരിസ്: ഫുട്ബോളില്‍ സെല്‍ഫ് ഗോള്‍ അടിക്കുന്നവരെല്ലാം വില്ലന്‍മാരാണ് എന്നാണ് അനുമാനം. അതുകൊണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങാതിരിക്കാന്‍ മനസിലുറപ്പിച്ചാണ് ഓരോ താരവും മൈതാനത്തിറങ്ങുന്നത്. എന്നിട്ടും സെല്‍ഫ് ഗോളുകള്‍ പിറക്കുന്നു. കഴിഞ്ഞദിവസം ഫ്രഞ്ച് ലീഗിലും ഒരു സെല്‍ഫ് ഗോള്‍ പിറന്നു. പക്ഷേ, ഇതിന്‍റെ പ്രായ്ശ്ചിതം കഴുകിക്കളയാന്‍ താരത്തിന് ഏറെക്കാലം വേണ്ടിവരും.

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സെല്‍ഫ് ഗോളുകളിലൊന്നിനാണ് ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജി- ലിയോണ്‍ മത്സരം സാക്ഷിയായത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ നിര്‍ഭാഗ്യം ലിയോണ്‍ താരത്തിന്‍റെ കാലുകളെ തേടിവരികയായിരുന്നു. പിഎസ്‌ജി താരത്തിന്‍റെ ക്രോസില്‍ പന്ത് പുറത്തേക്ക് തട്ടികയറ്റേണ്ടതിന് പകരം നേരെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു ലിയോണ്‍ താരം ഫെര്‍ണാണ്ടോ മാര്‍സല്‍. 

സെല്‍ഫ് ഗോള്‍ വഴങ്ങിയ മത്സരം 2-5ന് ലിയോണ്‍ തോറ്റു. പിഎസ്ജിക്കായി ഡി മരിയ(22), എംബാപ്പേ(38), കവാനി(79) എന്നിവര്‍ വലകുലുക്കി. 47 മിനുറ്റിലായിരുന്നു മാര്‍സലിന്‍റെ സെല്‍ഫ് ഗോള്‍. ലിയോണിനായി മാര്‍ട്ടിനും(52), ഡെംബെലെയും(59) ലക്ഷ്യംകണ്ടു. 24 കളിയിൽ 61 പോയിന്റുമായി ലീഗില്‍ ഒന്നംസ്ഥാനത്ത് തുടരുകയാണ് പിഎസ്‌ജി. 33 പോയിന്‍റ് മാത്രമുള്ള ലിയോണ്‍ ഒന്‍പതാം സ്ഥാനത്താണ്.