പാരിസ്: തിരിച്ചുവരവിൽ അത്യുഗ്രൻ പ്രകടനവുമായി പിഎസ്‌ജി താരം നെയ്‌മർ. സീസണിൽ ക്ലബിന് വേണ്ടി ആദ്യമായി ഇറങ്ങിയ ബ്രസീലിയൻ താരത്തിന്‍റെ വണ്ടര്‍ ഗോളിൽ പിഎസ്‌ജി സ്‌ട്രോസ്ബർഗിനെ തോൽപിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു(90+2) നെയ്‌മറിന്‍റെ വിജയഗോൾ.

മത്സരത്തിന്‍റെ തുടക്കം മുതല്‍ കൂവിവിളിച്ച കാണികള്‍ക്ക് ബൈസിക്കിള്‍ കിക്കിലൂടെ മറുപടി നല്‍കുകയായിരുന്നു നെയ്‌മര്‍. ഇടതുവിങ്ങിലൂടെ മുന്നേറിയ ഡിയോലയുടെ ക്രോസില്‍ നിന്നാണ് നെയ്‌മര്‍ ഞെട്ടിച്ചത്. ജയത്തോടെ പിഎസ്‌ജി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ നാലില്‍ ജയിച്ച പിഎസ്‌ജിക്ക് 12 പോയിന്‍റാണുള്ളത്.

നെയ്‌മറെ അപമാനിക്കുന്ന തരത്തിലുള്ള ബാനര്‍ മത്സരത്തിനിടെ ഗാലറിയില്‍ പിഎസ്‌ജി ആരാധകരുയര്‍ത്തി. നെയ്‌മറെ റെഡ് സ്‌ട്രീറ്റില്‍ വിറ്റുകൂടെ എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്. ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ നെയ്‌മര്‍ നടത്തിയ നീക്കങ്ങളാണ് ആരാധകരെ പ്രകോപിപ്പിച്ചത്. എന്നാല്‍ പിഎസ്‌ജിക്ക് ജയിക്കാന്‍ നെയ്‌മറുടെ ഗോള്‍ തന്നെ വേണ്ടിവന്നു.