മ്യുൻസ്റ്റര്‍: ഫുട്ബോള്‍ ലോകത്തിന് കണ്ണീരായി യൂറോപ്പില്‍ വീണ്ടും വംശീയാധിക്ഷേപം. ജര്‍മന്‍ ലീഗിലെ മൂന്നാം ഡിവിഷനില്‍ പ്രൊയീസ്സൻ മ്യുൻസ്റ്ററിനെതിരായ മത്സരത്തില്‍ വുർസുബുർഗ് കിക്കെർസിന്‍റെ ഘാന വംശജനായ പ്രതിരോധതാരം ലിറോയി ക്വഡോവോയെയാണ് ആരാധകരിലൊരാള്‍ കുരങ്ങന്‍ ചേഷ്‌ടകള്‍ കാട്ടി അപമാനിച്ചത്. എന്നാല്‍ കൃത്യസമയത്ത് ഇടപെട്ട വനിതാ റഫറിയും താരങ്ങളും എതിര്‍ ടീം ആരാധകരും ഫുട്ബോള്‍ ലോകത്തിന്‍റെ മനം കീഴടക്കി. 

'കുരങ്ങന്‍ ചേഷ്‌ടകള്‍ മാത്രമറിയുന്ന ആരാധകന്‍'

മ്യുൻസ്റ്ററില്‍ പ്രൊയീസ്സന്‍റെ തട്ടകത്തിലായിരുന്നു  മത്സരം അരങ്ങേറിയത്. മത്സരത്തിന് കാഴ്‌ചക്കാരായി എത്തിയവരില്‍ ഭൂരിഭാഗവും പ്രൊയീസ്സൻ ആരാധകര്‍. കിക്കോഫായി വൈകാതെ പ്രൊയീസ്സൻ സ്റ്റേഡിയത്തിലെ കാഴ്‌ചകള്‍ ഫുട്ബോള്‍ പ്രേമികളുടെ നെഞ്ചു തുളയ്‌ക്കുന്നതായി. വുർസുബുർഗ് താരം ലിറോയി ക്വഡോവോയുടെ കാലില്‍ പന്ത് തൊടുമ്പോഴൊക്കെ കുരങ്ങന്‍ ചേഷ്‌ടകള്‍ കാട്ടിയും കൂവിവിളിച്ചും അപമാനിച്ചുകൊണ്ടിരുന്നു ആരാധകരിലൊരാള്‍. 

ഇനി നടന്നതാണ് ട്വിസ്റ്റ്, അഭിമാന നിമിഷം

എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ ഫുട്ബോളിലെ മാനവികതയുടെ പര്യായമായി. ലിറോയി ക്വഡോവോക്കെതിരായ കാണിയുടെ പ്രകോപനം അസഹ്യമായപ്പോൾ മത്സരം നിയന്ത്രിച്ച വനിതാ റഫറി ഇടപെട്ടു, കളി നിർത്തിവയ്‌ക്കാന്‍ വിസിലൂതി. സ്വന്തം മൈതാനത്ത് തങ്ങള്‍ക്ക് അപമാനമുണ്ടാക്കിയാളെ പ്രൊയീസ്സൻ ആരാധകര്‍ വെറുതെവിട്ടില്ല, പിടികൂടി സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെ ഏല്‍പിച്ചു. പിന്നീട് ഇയാളെ സുരക്ഷാ ജീവനക്കാരന്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി. 

എതിര്‍ ടീമിനും കയ്യടിക്കണം

റഫറിക്ക് പുറമെ സഹതാരങ്ങളും എന്തിന്, എതിര്‍ ടീമംഗങ്ങള്‍ പോലും ലിറോയിയുടെ അടുത്തെത്തി ആശ്വസിപ്പിച്ചു, ആലിംഗനം ചെയ്തു. ഫുട്ബോളിലെ മാനവികത ഒരിക്കല്‍ കൂടി വര്‍ണവെറിയന്‍മാരെ ഗോളവലയ്‌ക്ക് പുറത്തേക്കടിച്ചപ്പോള്‍ ഗാലറിയില്‍ നിലയ്‌ക്കാത്ത കയ്യടികളായിരുന്നു. കൂടെ, പ്രൊയീസ്സൻ മൈതാനത്ത് ഒരു മുദ്രാവാക്യവും മുഴങ്ങി...'നാസികള്‍ കളിക്കളത്തിന് പുറത്ത്'. ആരാധക പ്രതികരണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുകയാണ്. വംശീയാധിക്ഷേപത്തിനെതിരെ വുർസുബുർഗ് ക്ലബ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.