പരിശീലക കുപ്പായത്തില്‍ ഇതിഹാസ താരം സാവിക്കും ബാഴ്‌സയില്‍ അത്ഭുതങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ല

ബാഴ്‌സലോണ: സമീപകാല ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ (Barcelona FC) നേരിട്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ (UEFA Champions league) നിന്ന് പുറത്തായ ബാഴ്‌സലോണ ഇനി യൂറോപ്പ ലീഗിൽ (UEFA Europa League) കളിക്കണം. ശൂന്യതയിൽ നിന്ന് ബാഴ്സലോണ പുതിയൊരു യുഗം തുടങ്ങുകയാണെന്നാണ് പരിശീലകന്‍ സാവിയുടെ പ്രതികരണം. 

പരിശീലക കുപ്പായത്തില്‍ ഇതിഹാസ താരം സാവിക്കും ബാഴ്‌സയില്‍ അത്ഭുതങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ല. അലയൻസ് അറിനയിൽ തലകുനിച്ചപ്പോൾ ബാഴ്സലോണ യൂറോപ്പിലെ മുൻനിര ടീമല്ലാതായി മാറി. സൂപ്പർതാരം ലിയോണൽ മെസി ടീം വിട്ടതോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന ബാഴ്സയ്ക്കേറ്റ അവസാന പ്രഹരം. 

മെസിയും ഗ്രീസ്‌മനും ടീം വിട്ടതിനൊപ്പം അഗ്യൂറോയും ഫാറ്റിയും പെഡ്രിയും പരിക്കിന്‍റെ പിടിയിലാവുകയും ചെയ്‌തതാണ് ബാഴ്സയെ തളർത്തിയത്. ഏക പ്രതീക്ഷായിരുന്ന മെംഫിസ് ഡീപേയ്ക്ക് ചാമ്പ്യൻസ് ലീഗിൽ ഒറ്റ ഗോൾ പോലും നേടാൻ കഴിഞ്ഞുമില്ല. ആറ് കളിയിൽ ഡൈനമോകീവിനെതിരെ മാത്രമായിരുന്നു ബാഴ്സയുടെ ജയം, നേടിയതാവട്ടെ രണ്ടുഗോൾ മാത്രവും. ഇതോടെ ഇരുപത് വർഷത്തിനിടെ ആദ്യമായി ബാഴ്സ ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. 

2000-2001 സീസണിലായിരുന്നു അവസാനമായി ബാഴ്സ നോക്കൗട്ടിൽ എത്താതെ പുറത്തായത്. ലാലീഗയിൽ ഏഴാം സ്ഥാനത്ത് തപ്പിത്തടയുന്ന ബാഴ്സയ്ക്കുള്ള ഇനിയുളള നാളുകളും അത്ര എളുപ്പമായിരിക്കില്ലെന്നുറപ്പ്. സാമ്പത്തിക പ്രതിസിന്ധി രൂക്ഷമായതിനാൽ ജനുവരിയിലെ ട്രാൻസ്‌ഫർ ജാലകത്തിൽ താരങ്ങളെ സ്വന്തമാക്കുക പ്രയാസമാണെന്നാണ് ടീം മാനേജ്മെന്റ് നൽകുന്ന സൂചന. 

അങ്ങനെയെങ്കിൽ യൂറോപ്പ ലീഗിലും ബാഴ്സലോണയുടെ നില പതിതാപകരമാവും. ബയേണിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ ശൂന്യതയിൽ നിന്ന് ബാഴ്സലോണ പുതിയൊരു യുഗം തുടങ്ങുകയാണെന്നാണ് കോച്ച് സാവി പ്രതികരിച്ചത്. ഇത് എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണാം. 

UEFA Champions League : ബയേണിനോട് തോറ്റ ബാഴ്‌സ പുറത്ത്; ഇനി അങ്കം യൂറോപ്പയില്‍