നീണ്ട 21 വർഷങ്ങൾക്ക് ശേഷമാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ശത്രുക്കളായ ഇംഗ്ലണ്ടും അർജന്‍റീനയും ഒരു അന്താരാഷ്ട്ര മത്സരത്തിൽ നേർക്കുനേർ വരുന്നത്.

അറ്റ്‌ലാന്‍റ: ലോകകപ്പിന്‍റെ ആവേശം അവസാന നാലിലേക്ക് കടക്കുമ്പോൾ, മൈതാനത്തിന് പുറത്ത് വാക്പോര് മുറുകുന്നു. അറ്റ്ലാന്‍റ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അർജന്‍റീന-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് മുൻപ്, ലിയോണൽ മെസിക്കും സംഘത്തിനും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് വിംഗർ ജോ കോൾ. തോമസ് ടുഹേലിന്‍റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഇംഗ്ലീഷ് പട അർജന്‍റീനയെ വീഴ്ത്തുമെന്നും മെസിയുടെ കളി അവസാനിപ്പിക്കുമെന്നുമാണ് കോളിന്‍റെ വെല്ലുവിളി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നീണ്ട 21 വർഷങ്ങൾക്ക് ശേഷമാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ശത്രുക്കളായ ഇംഗ്ലണ്ടും അർജന്‍റീനയും ഒരു അന്താരാഷ്ട്ര മത്സരത്തിൽ നേർക്കുനേർ വരുന്നത്. ലോകകപ്പിന്‍റെ ചരിത്രത്തിൽ ഇതിന് മുൻപ് അഞ്ച് തവണ (1962, 1966, 1986, 1998, 2002) ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 2002-ൽ ജപ്പാനിൽ വെച്ച് നടന്ന മത്സരത്തിൽ ഡേവിഡ് ബെക്കാമിന്‍റെ പെനാൽറ്റി ഗോളിന്‍റെ കരുത്തിൽ ഇംഗ്ലണ്ടാണ് അവസാനമായി വിജയിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്‍റീനയെ ഇംഗ്ലണ്ടിന്‍റെ ആക്രമണ നിര തകർക്കുമെന്നാണ് ജോ കോൾ വിശ്വസിക്കുന്നത്.

ലിയോണൽ മെസിയെ നമുക്ക് ഉറക്കേണ്ടതുണ്ട്. ഈ മത്സരത്തിൽ ഞങ്ങൾ മെസിയെ ഉറക്കുക തന്നെ ചെയ്യും. ഇംഗ്ലണ്ടിന്‍റെ മുന്നേറ്റ നിരയ്ക്ക് മുന്നിൽ അർജന്‍റീന തകരും-ദി റെസ്റ്റ് ഈസ് ഫുട്ബോൾ പോഡ്‌കാസ്റ്റിൽ ജോ കോൾ പറഞ്ഞു. ഇംഗ്ലണ്ടിനെപ്പോലെ തന്നെ എക്സ്ട്രാ ടൈം വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് അർജന്‍റീന സെമിയിലേക്ക് യോഗ്യത നേടിയത്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ 90 മിനിറ്റിൽ 1-1 ന് സമനിലയിലായ ശേഷം, എക്സ്ട്രാ ടൈമിൽ ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളിലാണ് അർജന്‍റീന 3-1 ന് വിജയിച്ചത്.

ടിവി പ്രേഷകരെയും ആരാധകരെയും ഒരേപോലെ മുൾമുനയിൽ നിർത്തിയ കടുത്ത വെല്ലുവിളികൾ അതിജീവിച്ചാണ് ലയണൽ സ്കലോണിയുടെ സംഘം മുന്നേറുന്നത്. പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ 2-0 ന് പിന്നിലായ ശേഷം 13 മിനിറ്റിനിടെ 3 ഗോളുകൾ തിരിച്ചടിച്ച് 3-2 ന്‍റെ നാടകീയ ജയം അവർ സ്വന്തമാക്കിയിരുന്നു. അതിന് മുൻപ് റൗണ്ട് ഓഫ് 32-ൽ ആദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വെർദെ അർജന്‍റീനയെ എക്സ്ട്രാ ടൈം വരെ വിയർപ്പിച്ചു. ഒടുവിൽ ഒരു ഓൺ ഗോളിന്‍റെ പിൻബലത്തിലാണ് അർജന്‍റീന 3-2 ന് രക്ഷപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നീ ടീമുകളെ പരാജയപ്പെടുത്തിയ അർജന്‍റീന, ഫ്രാൻസിനൊപ്പം ടൂർണമെന്‍റിൽ (എക്സ്ട്രാ ടൈം ഉൾപ്പെടെ) 100% വിജയറിക്കാർഡ് നിലനിർത്തുന്ന ഒരേയൊരു ടീമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക