ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാലരയ്ക്കാണ് കളി തുടങ്ങുക. അര്‍ജന്റീനയും ഉറൂഗ്വേയും ആരാധകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പരിക്കേറ്റ ലിയോണല്‍ മെസിയില്‍ (Lionel Messi).

മോണ്ടിവീഡിയോ: ലാറ്റിനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന (Argentina) നാളെ ഉറുഗ്വേയെ (Uruguay) നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാലരയ്ക്കാണ് കളി തുടങ്ങുക. അര്‍ജന്റീനയും ഉറൂഗ്വേയും ആരാധകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പരിക്കേറ്റ ലിയോണല്‍ മെസിയില്‍ (Lionel Messi). മെസിയില്ലെങ്കില്‍ ഉറൂഗ്വേയുടെ ആത്മവിശ്വാസം ഇരട്ടിയാവും. 

നായകന്റെ അഭാവം മറികടക്കുക അര്‍ജന്റീനയ്ക്ക് എളുപ്പമല്ല. ഇതുകൊണ്ടുതന്നെയാണ് മെസി ആരോഗ്യം വീണ്ടെടുത്തുവെന്നും മത്സരത്തിന് മുന്‍പ് മാത്രം അന്തിമ തീരുമാനമെന്നും കോച്ച് ലിയോണല്‍ സ്‌കലോണി (Lionel Scaloni) വ്യക്തമാക്കിയത്. ബുധനാഴ്ച ബ്രസീലിനെതിരെ വമ്പന്‍ പോരാട്ടം വരുന്നതിനാല്‍ മെസിക്ക് വിശ്രമം നല്‍കിയാല്‍ അത്ഭുതപ്പെടേണ്ട. 

ഇങ്ങനെയെങ്കില്‍ പൗളോ ഡിബാലയായിരിക്കും ഏഞ്ചല്‍ ഡി മരിയ, ലൗറ്ററോ മാര്‍ട്ടിനസ് എന്നിവര്‍ക്കൊപ്പം മുന്നേറ്റ നിരയിലെത്തുക. സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി ഇല്ലാതെയാണ് ഉറുഗ്വേ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നത്. ഫകുണ്ടോ ടോറസ് മുന്നേറ്റത്തില്‍ ലൂയിസ് സുവാരസിന്റെ പങ്കാളിയാവും. 

കഴിഞ്ഞമാസം ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. 11 കളിയില്‍ 25 പോയിന്റുള്ള അര്‍ജന്റീന മേഖലയില്‍ രണ്ടാം സ്ഥാനത്ത്. 12 കളിയില്‍ 16 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ഉറുഗ്വേയ്ക്കാണ് മത്സരം നിര്‍ണായകം. 

പത്ത് ടീമുകളുള്ള ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിലൂടെ ഒരവസംകൂടി.