ദോഹ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി പത്തിന് ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തിലാണ് മത്സരം. ഒമാനെതിരെ അവസാന നിമിഷങ്ങളില്‍ കൈവിട്ട ജയത്തിന്‍റെ പേരുദോഷം മായ്‌ക്കാനാണ് ഇന്ത്യയിറങ്ങുന്നത്. അതിനാല്‍ വീറുറ്റ മത്സരം കാണാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഒമാനെതിരെ 82 മിനുറ്റുവരെ മുന്നിട്ട ശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടത്. അതേസമയം അഫ്‌ഗാനിസ്ഥാനെ ആറ് ഗോളിന് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഖത്തര്‍ ഇറങ്ങുന്നത്. അതിനാല്‍ അവസാന നിമിഷം ഗോള്‍ വഴങ്ങുന്ന ശീലം ഇന്ത്യക്ക് ഉപേക്ഷിച്ചേ മതിയാകൂ. പരിക്കേറ്റ സുനില്‍ ഛേത്രി കളിക്കുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. മലയാളി താരങ്ങളായ ആഷിക് കുരുണിയനും സഹൽ അബ്ദുൽ സമദും അനസ് എടത്തൊടികയും ആദ്യ ഇലവനിൽ എത്തുമെന്നാണ് സൂചന.

സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് മത്സരത്തിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച് ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍‌ട്‌സ് 2 എച്ച് ഡി എന്നീ ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഓണ്‍ലൈനില്‍ തത്സമയം മത്സരം കാണാനുള്ള അവസരവും ആരാധകര്‍ക്കുണ്ട്. ഹോട്ട്‌സ്റ്റാറാണ് ഓണ്‍ലൈനില്‍ മത്സരം ആരാധകരിലേക്ക് എത്തിക്കുന്നത്.