റയലിന്‍റെ മുന്‍താരം കൂടിയായ സിദാന് 2022 വരെയാണ് പരിശീലകനായി ക്ലബില്‍ കരാറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ കിരീടങ്ങളൊന്നും നേടാനാവാഞ്ഞത് കരാര്‍ തീരും മുമ്പെ ക്ലബ്ബ് വിടാന്‍ സിദാനെ പ്രേരിപ്പിക്കുകയായിരുന്നു.

മാഡ്രിഡ്: റയല്‍ മാഡ്രിഡില്‍ പരിശീലകനായുള്ള സിനദിന്‍ സിദാന്‍റെ രണ്ടാം ഊഴം അവസാനിച്ചു. ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും റയല്‍ പരാജയം രുചിച്ചതിന് പിന്നാലെ സിദാന്‍ പടിയിറങ്ങുകയാണെന്ന് റയല്‍ മാഡ്രിഡ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പരിശീലകസ്ഥാനം ഒഴിയാനുള്ള സിദാന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ക്ലബ്ബിനോടും കളിക്കാരോടും അദ്ദേഹം കാണിച്ച അര്‍പ്പണബോധത്തിനും പ്രഫഷണലിസത്തിനും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും റയല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ക്ലബ്ബിനെ പുതിയ ഉയരങ്ങളില്‍ എത്തിച്ച സിദാന്‍ റയലിന്‍റെ ഇതിഹാസമാണെന്നും ക്ലബ്ബ് വ്യക്തമാക്കി.

Scroll to load tweet…

റയലിന്‍റെ മുന്‍താരം കൂടിയായ സിദാന് പരിശീലകനായി 2022 വരെയാണ് ക്ലബില്‍ കരാറുണ്ടായിരുന്നത്. എന്നാല്‍ ഈ സീസണില്‍ കിരീടങ്ങളൊന്നും നേടാനാവാഞ്ഞത് കരാര്‍ തീരും മുമ്പെ ക്ലബ്ബ് വിടാന്‍ സിദാനെ പ്രേരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ സിദാന് കീഴില്‍
ലാ ലിഗ കിരീടം നേടാന്‍ റയലിനായിരുന്നു. എന്നാല്‍ ഇത്തവണ അത‌്ലറ്റിക്കോക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ലീഗില്‍ റയല്‍ ഫിനിഷ് ചെയ്തത്.

റയലില്‍ 2016 ജനുവരി മുതല്‍ 2018 മെയ് വരെയായിരുന്നു പരിശീലകനായി സിദാന്‍റെ ആദ്യ ഊഴം. ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന റെക്കോര്‍ഡും ഒരു ലാ ലീഗ കിരീടവും നേടി സിദാന്‍ റയലിലേക്ക് പരിശീലകനായുള്ള ഒന്നാം വരവ് ആവേശമാക്കി. സാന്‍റിയാഗോ സൊളാരിക്ക് പകരക്കാരനായി 2019 മാര്‍ച്ചില്‍ സിദാന്‍ റയലില്‍ തിരിച്ചെത്തി. 2019-20 സീസണില്‍ ലാ ലീഗ കിരീടവും സ്‌പാനിഷ് സൂപ്പര്‍ കപ്പും നേടിയെങ്കിലും ഈ സീസണില്‍ പൂര്‍ണ നിരാശയായിരുന്നു ഫലം.

ലാ ലീഗയില്‍ നഗരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനോട് കിരീടപ്പോരില്‍ അടിയറവ് പറഞ്ഞപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ചെല്‍സിയോട് തോറ്റ് പുറത്തായി. മുന്‍നിര താരങ്ങളുടെ പരിക്കും സീസണില്‍ റയലിന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെ 11 സീസണിനിടെ ആദ്യമായി ഒരു കിരീടമില്ലാതെ സ്‌പാനിഷ് വമ്പന്‍മാര്‍ കിതക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.