നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റ് ജര്‍മനിക്കും ബ്രസീലിനും പിന്നാലെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ട് ദിദിയര്‍ ദഷാംസ് എത്തുമ്പോള്‍ എംബാപെ നയിക്കുന്ന മുന്നേറ്റനിരയാണ് ഫ്രാൻസിന്റെ കരുത്ത്
95 സെക്കൻഡുകള്‍, അത്രമാത്രമെ വേണ്ടിവന്നൊള്ളു.
മിശിഹായുടെ പൂര്‍ണതയിലേക്ക് ഇനി 10 മിനുറ്റുകളുടെ ദൂരം. മൂന്നരപതിറ്റാണ്ടിന് ശേഷം ആല്‍ബിസെലസ്റ്റകളുടെ കൈകളിലേക്ക് ആ കിരീടം എത്താൻ ഒരുങ്ങുകയാണ്. ലൂസൈസിലെ ഗ്യാലറികള്‍ക്കപ്പോള്‍ വിശ്രമമില്ലായിരുന്നു. ആ നിമിഷത്തിലേക്ക് കണ്ണുനട്ടിരുന്ന ഡിയോഗൊ മറഡോണയുടെ പിൻഗാമികളുടെ നെഞ്ചിലേക്ക് ആദ്യം അല്‍പ്പം കനല്‍കോരിയിട്ടു അയാളുടെ ബൂട്ടുകള്‍.
അതുവരെ സ്കലോണി മെനഞ്ഞ കളത്തട്ടിലായിരുന്നു ഫൈനലിന്റെ സഞ്ചാരം. തിരക്കഥ പൊളിച്ചെഴുതപ്പെടുകയാണ്. വൈകിയില്ല, അര്‍ജന്റീനൻ ആരാധകരുടെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ ഒരു കൊള്ളിയാൻ കൂടി മിന്നി, കിലിയൻ എംബാപെ. ഇതിഹാസത്തിന്റെ കൈകളില്‍ നിന്ന് ഒരിക്കല്‍ക്കൂടി തുകല്‍പ്പന്തിന്റെ ഉന്നതി അകലുന്നതുപോലെ, അല്ല എംബാപെ അത് നിഷേധിക്കാൻ ഒരുങ്ങുകയായിരുന്നു.
നിശ്ചിത സമയത്തും അധികസമയത്തും ലയണല്‍ ആന്ദ്രേസ് മെസിക്കും സുവര്‍ണകിരീടത്തിനുമിടയില്‍ എംബായെന്നൊരു മനുഷ്യൻ മാത്രം, ഹാട്രിക്ക്. ഒടുവില്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ കരങ്ങള്‍ തന്റെ നിയോഗം പൂര്‍ത്തിയാക്കി ലിയോയ്ക്ക് പൂര്‍ണത സമ്മാനിക്കുമ്പോള്‍, ആ മൈതാനത്ത് എംബാപെയ്ക്ക് വല്ലാത്തൊരു ഉയരുമുണ്ടായിരുന്നു. ഐതിഹാസികം.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റ് ജര്‍മനിക്കും ബ്രസീലിനും പിന്നാലെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ട് ദിദിയര്‍ ദഷാംസ് എത്തുമ്പോള്‍ ഇതേ എംബാപെ നയിക്കുന്ന മുന്നേറ്റനിരയാണ് ഫ്രാൻസിന്റെ കരുത്ത്. ഒരുപക്ഷേ, ഫിഫ ലോകകപ്പില്‍ ഇത്തവണത്തെ ഏറ്റവും സ്കേയറിയും ലീഥലുമായുള്ള ആറ്റാക്ക് ഫ്രാൻസിന്റേതാകും. എംബാപെ, ഉസ്മാൻ ഡെംബലെ, മൈക്കല്‍ ഒലീസെ, ഡെസെയര്‍ ഡുവെ, റയാൻ ചെര്‍ക്കി, മാര്‍ക്കസ് തുറാം, മാഗ്നസ് അക്ക്‌ലിഓച്ച്, ബ്രാഡ്‌ലി ബാര്‍ക്കോള, ജീൻ മറ്റേറ്റ. ഒൻപത് ഓപ്ഷനുകള്‍.
ദഷാംസിന്റെ 4-2-3-1 സിസ്റ്റത്തില്‍ ആദ്യ ഇലവനില്‍ എത്തുന്ന നാല് പേര്‍ എംബാപെയും ഡെംബലെയും ഒലിസയും ഡുവെയുമാകുമെന്നതില്‍ തര്‍ക്കമില്ലാത്ത ഒന്നാണ്. നാല് പേരുടേയും അസാധ്യമായ ഫോം തന്നെ പ്രധാന കാരണം. ബ്രസീലിന്റെ ലോകകപ്പിലെ മുന്നേറ്റനിരയുടെ ആകെ മൂല്യത്തിനേക്കാള്‍ മുകളിലാണ് മേല്‍പ്പറഞ്ഞവരുടെ വിപണിമൂല്യം, അത് വരുംകാലത്ത് ഇനിയും ഉയരുമെന്നാണ് ഫുട്ബോള്‍ ലോകത്തെ വാര്‍ത്തകള്‍ നല്‍കുന്ന സന്ദേശം, പ്രത്യേകിച്ചും ഒലിസയുടെ കാര്യത്തില്‍, റയല്‍ മാഡ്രിഡ് യുവതാരത്തെ നോട്ടമിട്ടുകഴിഞ്ഞു.
മൂല്യത്തിന്റെ കാര്യം മാറ്റിവെക്കാം, എന്തുകൊണ്ട് ഇവര്‍ ലോകകപ്പിലെ ഏറ്റവും അപകടകാരികളായ മുന്നേറ്റ നിരയാകുന്നു. എംബാപെ, പോയ സീസണില്‍ റയല്‍ മാഡ്രിഡിനായി 42 ഗോളുകള്‍, കിരീടമില്ലാത്ത റയല്‍ മൈതാനങ്ങള്‍ നിരന്തരം വിടുമ്പോഴും എംബാപെയുടെ വ്യക്തിഗത മികവ് തെല്ലും ഇടിഞ്ഞിട്ടില്ല. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലാ ലിഗയിലെ ടോപ് സ്കോററാകാൻ ഫ്രഞ്ച് നായകന് സാധിച്ചു.
ഇനി ഡെംബെലെ, ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജര്‍മനായി 10 ഗോളും ഏഴ് അസിസ്റ്റും ഉള്‍പ്പെടെ 17 ഗോള്‍ കോണ്‍ട്രിബ്യൂഷനുകള്‍. 22 മത്സരങ്ങളില്‍ ഭാഗമായെങ്കിലും സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ടായത് 11 തവണ മാത്രം, 1.4 goals and assists per 90 minutes. ലീഗിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യൻസ് ലീഗില്‍ 13 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളും രണ്ട് അസിസ്റ്റും, ഫൈനലിലെ നിര്‍ണായക പെനാലിറ്റിയും ലക്ഷ്യത്തിലെത്തിച്ചത് ഡെംബെലെ ആയിരുന്നു. സീസണിലാകെ 20 ഗോളും 11 അസിസ്റ്റും.
ഡിസയര്‍ ഡുവെ പാരിസ് സെന്റ് ജര്‍മനായി 13 ഗോളുകളും 11 അസിസ്റ്റുമാണ് സീസണിലാകെ നേടിയത്. ഇതില്‍ ഒൻപത് ഗോള്‍ കോണ്‍ട്രിബ്യൂഷനും ചാമ്പ്യൻസ് ലീഗിലായിരുന്നു. പിഎസ്‌ജിയെ തുടര്‍ച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ബൂട്ടുകളിലൊന്ന് ഡുവെയുടേതായിരുന്നു. കഴിഞ്ഞ സീസണിലെ അതേ തിളക്കം.
നാല്‍വര്‍ സംഘത്തില്‍ ഏറ്റവും ഇംപ്രസീവായ സീസണ്‍ ഒലിസയുടേതായിരുന്നു. ബയേണ്‍ മ്യൂണിക്കിനായി 52 മത്സരങ്ങള്‍, ഗോള്‍ കോണ്‍ട്രിബ്യൂഷൻ 53. വലതുവിങ്ങില്‍ നിന്ന് 22 ഗോളുകളും 31 അസിസ്റ്റുകളും, ഇൻസെയിനായുള്ള സ്റ്റാറ്റുകളിലൊന്ന്. കളിച്ച 52 മത്സരങ്ങളില്‍ 34 എണ്ണത്തിലും ഗോളോ അസിസ്റ്റോ നേടാൻ ഒലിസയ്ക്ക് സാധിച്ചിട്ടുണ്ട്.
ഈ നാല്‍വര്‍ സംഘത്തിലേക്കാണ് മറ്റുള്ളവര്‍ക്കൂടി ചേര്‍ക്കപ്പെടുന്നത്. ചെര്‍ക്കി സീസണില്‍ നേടിയത് 10 ഗോളും 15 അസിസ്റ്റും. തുറാം 18 ഗോളും ഒൻപത് അസിസ്റ്റും. മറ്റേറ്റ 16 ഗോളും മൂന്ന് അസിസ്റ്റും, മാഗ്നസ് ഏഴ് ഗോളും 11 അസിസ്റ്റും. ഏതൊരു ടീമും സ്വപ്നം കാണുന്ന, ഭയപ്പെടുത്തുന്ന ഒരു മുന്നേറ്റനിര. ഇവരെ കൂടുതല്‍ അപകടകാരികളാക്കുന്നത് ദഷാംസ് ഒരുക്കുന്ന തന്ത്രങ്ങള്‍ തന്നെയാണ്. പൊസിഷൻ ഫ്രീഡം അനുവദിച്ചാണ് തന്റെ കുട്ടികളെ ദഷാംസ് കളത്തിലേക്ക് അയക്കുന്നത്.
ഡെംബലേയ്ക്കും എംബാപെയ്ക്കും മൂര്‍ച്ഛ വര്‍ധിക്കുന്നതും ഇവിടെയാണ്. ഡെംബെലെയ്ക്ക് കളിമെനയാനും എംബാപെയ്ക്ക് തന്റെ അവസരങ്ങള്‍ നിര്‍ണയിക്കാനുമുള്ള അവസരം മൈതാനത്ത് ഇതോടെ ഒരുങ്ങും. സ്പെയിനിന്റെ പോലെ ഹൈലി ഡിസിപ്ലിൻഡായ പൊസിഷനിങ്ങിലൂടെയല്ല ഫ്രാൻസിന്റെ കളിയും. എതിരാളികളുടെ തന്ത്രങ്ങള്‍ക്ക് അനുസരിച്ച് ഷിഫ്റ്റ് ചെയ്യുകയല്ല, മറിച്ച് കളിയുടെ സഞ്ചാരം നിയന്ത്രിക്കുന്നത് ഫ്രഞ്ച് പട തന്നെയാകുമെന്ന് സാരം.
മൂന്നാം ഫൈനലിലേക്ക് ഫ്രാൻസ് കുതിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തുന്നതിന്റെ പിന്നിലെ കാരണവും ഇതുതന്നെയാണ്. ഫ്രാൻസ് ഈസ് ദ ടീം ടു ബീറ്റ്. സിനദിൻ സിദാന് വഴിമാറിക്കൊടുക്കും മുൻപ് ഒരിക്കല്‍ക്കൂടി ആ കിരീടം സ്വപ്ന നഗരത്തിലേക്ക് തിരികെ എത്തിക്കാൻ ദഷാംസ് ആഗ്രഹിക്കുന്നുണ്ടാകും, കാത്തിരിക്കാം.


