മിലാന്‍: ഫുട്ബോള്‍ ഗ്രൗണ്ടിലിറങ്ങിയാല്‍ ആസാധ്യമായ ആംഗിളുകളില്‍ നിന്നുപോലും ഗോള്‍ നേടി ആരാധകരെ അമ്പരപ്പിക്കുന്ന കളിക്കാരനാണ് സ്വീഡന്റെ സ്ലാട്ടന്‍ ഇബ്രാഹ്മോവിച്ച്. എന്നാല്‍ കായിക ലോകത്തെ തന്റെ സഹതാരങ്ങളോട് പുതിയൊരു വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇബ്ര ഇപ്പോള്‍.

മാട്രിക്സ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ചലഞ്ചില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബ, ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ച്, ബോക്സിംഗ് താരം ഖാബിബ് നുര്‍മോദൊമേഡോവ്, പ്ലേയര്‍ ഏജന്റായ മിനോ റായിയോള എന്നിവരെയാണ് ഇബ്ര വെല്ലുവിളിച്ചിരിക്കുന്നത്. കാലില്‍ നിന്ന് പന്ത് നെഞ്ചിലേക്കെടുത്ത് ഹോളിവുഡ് സൂപ്പര്‍ താരം കീനു റീവ്സ് മാട്രിക്സില്‍ ചെയ്യുന്നതുപോലുള്ള പ്രകടനമാണ് ഇബ്ര പന്ത് കൊണ്ട് കാഴ്ചവെച്ചിരിക്കുന്നത്.

അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗായ ലോസ് എയ്ഞ്ചല്‍സ് ഗ്യാലക്സിക്കുവേണ്ടിയാണ് 37 കാരനായ ഇബ്ര ഇപ്പോള്‍ കളിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ തിരിച്ചുപോവാന്‍ തയാറാണെന്ന് ഇബ്ര കഴിഞ്ഞ മാസം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.