ഇന്ത്യയെ തോൽപ്പിക്കാൻ ഒരു പെർഫെക്റ്റ് ഗെയിം ആവശ്യമില്ലെന്നും, തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ഇന്ത്യക്കെതിരെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രൂക്ക് പറഞ്ഞു. ഭയമില്ലാതെ ആക്രമിച്ച് കളിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ആതിഥേയരായ ഇന്ത്യയെ അവരുടെ മണ്ണില്‍ നേരിടുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ പോരാട്ടത്തെ ആവേശത്തോടെയാണ് തന്റെ ടീം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വലിയ വേദികളില്‍ കളിക്കുക എന്നതാണ് ഏതൊരു താരത്തിന്റെയും ലക്ഷ്യമെന്നും ബ്രൂക്ക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളിലും ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു.

2022-ല്‍ ഇംഗ്ലണ്ട് വിജയിച്ച് കിരീടം ചൂടിയപ്പോള്‍, 2024-ല്‍ ഇന്ത്യ പകരം വീട്ടുകയും ലോകകിരീടം ഉയര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ മൂന്നാം വട്ടവും സെമിയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. കിരീട സാധ്യതയില്‍ മുന്നിലുള്ള ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് പിഴവുകളില്ലാത്ത പ്രകടനം പുറത്തെടുക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ബ്രൂക്ക് നല്‍കിയത്.

ബ്രൂക്കിന്റെ വാക്കുകള്‍... ''ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഒരു പെര്‍ഫെക്റ്റ് ഗെയിം വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ ജയിച്ച മത്സരങ്ങളൊന്നും അത്ര പൂര്‍ണാമായിരുന്നില്ല. എന്നിട്ടും ചില മത്സരങ്ങളില്‍ ആധികാരികമായും മറ്റു ചിലതില്‍ കടുപ്പമേറിയ പോരാട്ടത്തിലൂടെയും ജയിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ടീമിലെ ഒത്തൊരുമയും ആത്മവിശ്വാസവുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.'' ബ്രൂക്ക് വ്യക്തമാക്കി.

സെമി ഫൈനലില്‍ ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ബ്രൂക്ക് പറഞ്ഞു. ടീമിന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും അത് ഇന്ത്യക്കെതിരായ മത്സരത്തില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. എങ്കിലും ഏറ്റവും മികച്ച പ്രകടനം തൊട്ടടുത്തുണ്ട് എന്ന് എനിക്ക് തോന്നുന്നു. അത് വ്യാഴാഴ്ച രാത്രി സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഭയമില്ലാതെ, സ്വതന്ത്രമായി ആക്രമിച്ച് കളിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.'' ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു.

YouTube video player