ലണ്ടൻ ആസ്ഥാനമായ സ്‍മാർട്ട്ഫോൺ ബ്രാൻഡ് നത്തിങ്ങ് പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ കമ്പനി തള്ളി. ഇത് വ്യാജ വാർത്തയാണെന്നും, ഭാവിയിലെ വളർച്ച ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സഹസ്ഥാപകൻ വ്യക്തമാക്കി. ഫോൺ (4b)-ന്റെ വിൽപ്പന കുറവാണെന്ന വാദവും കമ്പനി നിഷേധിച്ചു.
ലണ്ടൻ ആസ്ഥാനമായ സ്‍മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ്ങ് (Nothing) പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി കമ്പനി രംഗത്ത്. വിവിധ രാജ്യങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കുകയോ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുകയോ ചെയ്യുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. ചൈനീസ് ജനപ്രിയ സ്‍മാർട്ടഫോൺ ബ്രാൻഡായ വൺപ്ലസ് ആഗോള വിപണികളിലെ സാന്നിധ്യം കുറയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നത്തിങ്ങിനെക്കുറിച്ചും സമാനമായ അഭ്യൂഹങ്ങൾ പുറത്തുവന്നത്. നത്തിങ്ങ് 12-ലധികം രാജ്യങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്നും ലണ്ടൻ, ചൈന എന്നിവിടങ്ങളിലെ ഗവേഷണ-വികസന വിഭാഗങ്ങളിൽ ഉൾപ്പെടെ വലിയ തോതിലുള്ള പുനഃസംഘടന നടക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പുതിയ നത്തിങ്ങ് ഫോൺ (4b)-ന്റെ വിൽപ്പന സംബന്ധിച്ചും റിപ്പോർട്ടുകളിൽ പരാമർശങ്ങൾ ഉണ്ടായിരുന്നു. ആഗോളതലത്തിൽ ഏകദേശം 20,000 യൂണിറ്റുകൾ മാത്രമാണ് വിറ്റുപോയതെന്നായിരുന്നു റിപ്പോർട്ടിലെ അവകാശവാദം. എന്നാൽ നത്തിങ്ങ് സഹസ്ഥാപകൻ അക്കിസ് ഇവാഞ്ചലിഡിസ് ഈ വിവരങ്ങൾ തള്ളി. എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. “ഇത് വ്യാജ വാർത്തയാണ്. ഞങ്ങൾ ഒരു വിപണിയിൽ നിന്നും പിന്മാറുന്നില്ല,” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കമ്പനി ഇപ്പോൾ നടത്തുന്നത് അടച്ചുപൂട്ടൽ നടപടികളല്ലെന്നും ഭാവിയിലെ വളർച്ചയ്ക്കായി പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്രത്യേക ബിസിനസ് വിഭാഗം ഉൾപ്പെടെ പുതിയ യൂണിറ്റുകൾ ആരംഭിക്കുമെന്നും രാജ്യങ്ങളിലെ പ്രവർത്തനങ്ങളെ പ്രാദേശിക കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് കൂടുതൽ കാര്യക്ഷമമാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പുനഃസംഘടനയുടെ ഭാഗമായി ചില ജീവനക്കാരുടെ സ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് നത്തിങ്ങ് സമ്മതിച്ചു. എന്നാൽ റിപ്പോർട്ടുകളിൽ പറയുന്ന തരത്തിലുള്ള വൻതോതിലുള്ള പിരിച്ചുവിടലുകൾ ഇല്ലെന്നും പ്രചരിക്കുന്ന കണക്കുകൾ അതിരുകടന്നതാണെന്നും കമ്പനി വ്യക്തമാക്കി. ജീവനക്കാരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ വളരെ ശ്രദ്ധയോടെയാണ് എടുക്കുന്നതെന്നും ബാധിക്കപ്പെട്ടവരെ പിന്തുണയ്ക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഇവാഞ്ചലിഡിസ് പറഞ്ഞു.
അതേസമയം, ഫോൺ (4b)-ന്റെ വിൽപ്പന കണക്കുകളിലും കമ്പനി വ്യക്തത വരുത്തി. ലോഞ്ച് ചെയ്ത ആദ്യ ദിവസം തന്നെ 29,537 യൂണിറ്റുകൾ വിറ്റഴിച്ചതായും ഇത് തങ്ങളുടെ വില വിഭാഗത്തിലെ റെക്കോർഡ് നേട്ടമാണെന്നും നത്തിങ്ങ് അവകാശപ്പെട്ടു. സ്‍മാർട്ട്ഫോൺ വിപണിയിൽ ആഗോള കമ്പനികൾ തന്ത്രങ്ങൾ മാറ്റുന്ന സാഹചര്യത്തിലാണ് നത്തിങ്ങിന്റെ വിശദീകരണം. പ്രവർത്തനം അവസാനിപ്പിക്കുകയല്ല, മറിച്ച് അടുത്ത വളർച്ചാ ഘട്ടത്തിനായുള്ള പുനഃസംഘടനയാണ് നടക്കുന്നതെന്നാണ് കമ്പനിയുടെ നിലപാട്.


