Asianet News MalayalamAsianet News Malayalam

ക്വാല്‍കോം നിര്‍മ്മിച്ച അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആപ്പിള്‍ ഐഫോണ്‍ 12 ല്‍ ഉപയോഗിച്ചേക്കും

2020-ല്‍ ഐഫോണുകള്‍ മുന്‍തലമുറ ഐഫോണുകളെ അപേക്ഷിച്ച് നിരവധി പ്രധാന അപ്‌ഗ്രേഡുകളുമായി വരാന്‍ സാധ്യതയുണ്ട്.

 

Apples 2020 iPhones could feature Qualcomm s ultrasonic fingerprint sensor
Author
India, First Published Dec 5, 2019, 8:25 PM IST

2020-ല്‍ ഐഫോണുകള്‍ മുന്‍തലമുറ ഐഫോണുകളെ അപേക്ഷിച്ച് നിരവധി പ്രധാന അപ്‌ഗ്രേഡുകളുമായി വരാന്‍ സാധ്യതയുണ്ട്. ഐഫോണ്‍ 12 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ പുതിയ ഡിസൈന്‍, 5 ജി കണക്റ്റിവിറ്റി, ഒഎല്‍ഇഡി ഡിസ്‌പ്ലേ പാനല്‍, ഉയര്‍ന്ന റാം കപ്പാസിറ്റി എന്നിവയുമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനപ്പുറം മറ്റൊരു പുതിയ സവിശേഷതയെക്കുറിച്ചും വ്യാപകമായി കേള്‍ക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല ക്വാല്‍കോമിന്റെ അള്‍ട്രാസോണിക്ക് ഫിംഗര്‍പ്രിന്റ് സെന്‍സറാണ്.

ഇക്കണോമിക് ഡെയ്‌ലി ന്യൂസിന്റെ (മാക് റൂമറുകള്‍ വഴി) ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, അടുത്ത വര്‍ഷം വിപണിയിലെത്തുന്ന ഐഫോണ്‍ മോഡലുകളിലൊന്നില്‍ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നുവെന്നാണ്. ക്വാല്‍കോം വിതരണം ചെയ്യുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍ ഇതിനായി ഉപയോഗിക്കാന്‍ കമ്പനി ഒരുങ്ങുന്നു. 

ഈ ആഴ്ച ആദ്യം ക്വാല്‍കോം അതിന്റെ പുതിയ 3ഡി സോണിക് മാക്‌സ് അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് റീഡര്‍ അതിന്റെ മൂന്നാം വാര്‍ഷിക സ്‌നാപ്ഡ്രാഗണ്‍ ടെക്‌നോളജി ഉച്ചകോടിയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ 20 എംഎം മുതല്‍ 30 എംഎം വരെയാണ് അളക്കുന്നത്. ഇത് സാംസങ് ഗാലക്‌സി നോട്ട് 10 ല്‍ ഉപയോഗിക്കുന്നതിനേക്കാള്‍ 17 മടങ്ങ് വലുതാണ്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഐഫോണ്‍ വികസിപ്പിക്കുന്നതിന് കമ്പനി തായ്‌വാനിലെ ടച്ച്‌സ്‌ക്രീന്‍ നിര്‍മാതാക്കളായ ജിഐഎസുമായി പങ്കാളിത്തത്തിലാണ്.

ഈ വര്‍ഷം ആദ്യം ആപ്പിള്‍ അനലിസ്റ്റ് മിംഗ് ചി കുവോയുടെ ഒരു മുന്‍ റിപ്പോര്‍ട്ട് പ്രകാരം, വരാനിരിക്കുന്ന ഐഫോണുകളില്‍ ഫെയ്‌സ് ഐഡിയും ഫിംഗര്‍പ്രിന്റ് സെന്‍സറും ഉപയോഗിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. മൂന്ന് മാസം മുമ്പാണ് ആപ്പിള്‍ ഐഫോണ്‍ 11 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയത്. 

ഈ ഘട്ടത്തില്‍ കമ്പനി അടുത്ത തലമുറ ഐഫോണുകളില്‍ ഫെയ്‌സ് ഐഡിക്കൊപ്പം അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കുമോ എന്ന് പറയാനാകില്ല. എന്നിരുന്നാലും, ഐഫോണ്‍ 12 സീരീസ് സ്മാര്‍ട്ട്‌ഫോണുകളില്‍ എന്തെങ്കിലുമൊന്നുണ്ടാകുമെന്നു തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ അത് രണ്ടു വിരലുകള്‍ സ്‌കാന്‍ ചെയ്യേണ്ടുന്ന ക്വാല്‍കോം അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തന്നെയായേക്കുമെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios