ന്യൂയോര്‍ക്ക്: ഫേസ്ബുക്കിനു വീണ്ടും തിരിച്ചടി. ഇത്തവണ സുരക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന ഐഒസില്‍ നിന്നാണ് കാര്യമായ പിഴവ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ കണ്ടെത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡിലൂടെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ക്യാമറ ഓണാവുകയും അതിലേക്ക് പ്രവേശിക്കുന്ന രീതിയിലുള്ള ഒരു ബഗാണ് ഇപ്പോള്‍ വില്ലനായിരിക്കുന്നത്. 

ഇത് ഐഫോണില്‍ കണ്ടെത്തിയതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു. ലക്ഷക്കണക്കിനു ഉപയോക്താക്കളെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും ഫേസ്ബുക്ക് പറയുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ ആശങ്കയിലാണ്. തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അറിയാതെ ഫേ‌സ്ബുക്കിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ടോയെന്ന ആവലാതിയിലാണ് ഐഒസ് ഗാഡ്ജറ്റുകളുടെ ഉപയോക്താക്കള്‍.

വെബ് ഡിസൈന്‍ കമ്പനിയായ 95 വിഷ്വല്‍ ഉടമ ജോഷ്വ മാഡ്ഡക്‌സ് കണ്ടെത്തിയ ബഗ്, ഐഒഎസി-ന് മാത്രമായുള്ളതാണത്രേ. ഇത് ഒരു തരത്തിലും ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കില്ലെന്നു ഫേസ്ബുക്ക് പറയുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയമിച്ച രാഷ്ട്രീയ വിശകലന സ്ഥാപനത്തിലേക്ക് 87 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നുണ്ടായ ഉപഭോക്തൃ വിശ്വാസം വീണ്ടെടുക്കാന്‍ ഫേസ്ബുക്ക് കാര്യമായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

ഈ ബഗ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു കാണിച്ചു കൊണ്ട് മാഡ്ഡക്‌സ് ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ വീഡിയോ ഇപ്പോള്‍ തന്നെ വൈറലായിട്ടുണ്ട്. ഫേസ്ബുക്ക് ഫീഡുകള്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍ തന്റെ ക്യാമറ, പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കുന്ന ഈ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

യാദൃശ്ചികമായി ക്യാമറ തുറന്നുവെന്ന് കരുതി നിരവധി തവണ ക്ലോസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ആവര്‍ത്തിച്ചപ്പോഴാണ് ഗുരുതരമായ ഒരു ബഗ് ആണെന്ന് മനസ്സിലാക്കിയതെന്നു മാഡ്ഡക്‌സ് പറഞ്ഞു. എന്നാല്‍ ക്യാമറയില്‍ നിന്നുള്ള ഡാറ്റ യഥാര്‍ത്ഥത്തില്‍ ഫെയ്‌സ്ബുക്കിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി സൂചനകളൊന്നുമില്ല. ഇത്തരമൊരു ബഗ് 'അശ്രദ്ധമായി അവതരിച്ചു' എന്ന് ഫേസ്ബുക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഈ ബഗ് കാരണം ഉപയോക്താവിന്റെ സ്വകാര്യമായ ഫോട്ടോകളോ വീഡിയോകളോ ഫേസ്ബുക്കിലേക്ക് അപ്‌ലോഡ് ചെയ്തതായി തെളിവുകളൊന്നും കണ്ടിട്ടില്ലെന്നും ആപ്പിളിന് സമര്‍പ്പിക്കുകയാണെന്നും ഫേസ്ബുക്ക് വക്താവ് സിഎന്‍എന്നിനോടു പറഞ്ഞു. പരിഹാരമായി പുതിയ അപ്‌ഡേറ്റ് ലഭ്യമാകുന്നതുവരെ ഉപയോക്താക്കള്‍ ഫേസ്ബുക്ക് അപ്ലിക്കേഷനിലെ ക്യാമറ ആക്‌സസ്സ് റദ്ദാക്കാനാണു ശുപാര്‍ശ ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ക്യാമറ ഉപയോഗിച്ചുള്ള ഒരു കാര്യവും നേരിട്ട് ഫേസ്ബുക്കിലൂടെ ചെയ്യാനാവില്ല. ഇതു ഫേസ്ബുക്കിനു വന്‍ തിരിച്ചടിയാകുമെന്നാണു സൂചനകള്‍.