പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ദീര്‍ഘകാല സാധുതയുള്ള ഒരു പുതിയ പദ്ധതിയുമായി ബിഎസ്എന്‍എല്‍. 999 രൂപയുടെ പുതിയ പ്ലാനാണിത്. ഇത് 220 ദിവസത്തെ വാലിഡിറ്റി നല്‍കുന്നുവെന്നതാണ് ഏറ്റവും വലിയ സന്തോഷവാര്‍ത്ത. 2019 ഡിസംബര്‍ ഒന്ന് മുതല്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ഈ പുതിയ പ്ലാന്‍ ലഭ്യമാകും. വോയിസ് പ്ലാനാണിത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. കൂടുതല്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് പുതിയ പ്ലാന്‍ ലഭ്യമാക്കിയിരിക്കുന്നത്. 

പുതിയ പ്ലാന്‍ പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. കൂടാതെ ദില്ലി, മുംബൈ എന്നിവയുള്‍പ്പടെ ഏത് നെറ്റ്‌വര്‍ക്കിലേക്കും ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ വിളിക്കാന്‍ കഴിയും. പുതുതായി അവതരിപ്പിച്ച പ്ലാന്‍ ഡാറ്റാ ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത്, ഡാറ്റാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ ഒരു പ്രത്യേക പായ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്യേണ്ടിവരും. 

ദൈര്‍ഘ്യമേറിയ കാലാവധിയും വോയ്‌സ് കോള്‍ ആനുകൂല്യങ്ങളും ഉള്ളതിനാല്‍, പുതുതായി അവതരിപ്പിച്ച ഈ പ്ലാനുകള്‍ ഇന്റര്‍നെറ്റ് വിരളമായി ഉപയോഗിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. 999 രൂപയുടെ പുതിയ പദ്ധതി രാജ്യമെമ്പാടുമുള്ള മറ്റ് ഉപയോക്താക്കള്‍ക്ക് എന്നു ലഭ്യമാക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. 997 രൂപയും 365 രൂപയും വിലമതിക്കുന്ന പുതിയ പ്ലാനുകള്‍ കേരള സര്‍ക്കിളുകളില്‍ അവതരിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ 999 രൂപയുടെ പദ്ധതി വരുന്നത്. 997 രൂപ വിലമതിക്കുന്ന പ്ലാനിന് 180 ദിവസത്തെ വാലിഡിറ്റിയാണ്. ദില്ലി, മുംബൈ ഉള്‍പ്പെടെയുള്ള ഏത് നെറ്റ്‌വര്‍ക്കിലേക്കും പ്രതിദിനം 250 മിനിറ്റ് കോളിങ്ങ്, രണ്ട് മാസത്തേക്ക് പിആര്‍ബിടി, 100 എസ്എംഎസ്, പരിധിയില്ലാത്ത ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 3 ജിബി ഡാറ്റയുടെ പരിധി മറികടന്നതിന് ശേഷം വേഗത 80 കെബിപിഎസായി കുറയുന്നു.