കൊവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയെത്തുടര്‍ന്ന് 2020 ല്‍ കമ്പനി പുതിയ ഗോപ്രോ ക്യാമറ പുറത്തിറക്കില്ലെന്ന ധാരണകളുണ്ടായിരുന്നു. പക്ഷേ അത് നടന്നു. 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 2020 ല്‍ ക്യാമറ വിപണി തകര്‍ന്നുവെങ്കിലും ഗോപ്രോയുടെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നിലവാരമുള്ള ആക്ഷന്‍ ക്യാമറകള്‍ നിര്‍മ്മിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഗോപ്രോ കൊറോണക്കാലത്ത് നേടിയത് മികച്ച വിജയമാണ്. യാത്ര, സാഹസിക വീഡിയോകള്‍ എന്നിവ ചിത്രീകരിക്കുന്നതിനാണ് ഗോപ്രോ ക്യാമറകള്‍ ഉപയോഗിക്കുന്നത്.

2020 ഏപ്രിലില്‍, ഗോപ്രോ 100 മില്യണ്‍ ഡോളര്‍ പ്രവര്‍ത്തനച്ചെലവില്‍ കുറവു വരുത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 20 ശതമാനത്തിലധികം (200 ല്‍ അധികം ജീവനക്കാര്‍) തൊഴില്‍ ശക്തി കുറയ്ക്കാനായിരുന്നു പദ്ധതി. എന്നാല്‍, കമ്പനിയെ പോലും അതിശയിപ്പിച്ചു കൊണ്ട് ലോകമെങ്ങു നിന്നും ഇതിന് ആവശ്യക്കാരുണ്ടായി.

കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ നിക്കോളാസ് വുഡ്മാന്‍ പറഞ്ഞു, 'ഗോപ്രോയുടെ ആഗോള വിതരണ ശൃംഖലയെ കോവിഡ് 19 പാന്‍ഡെമിക് പ്രതികൂലമായി ബാധിച്ചു, ഇത് കൂടുതല്‍ കാര്യക്ഷമവും ലാഭകരവുമായ ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ്സിലേക്ക് മാറുന്നതിന് ഞങ്ങളെ പ്രേരിപ്പിച്ചു.'

കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയെത്തുടര്‍ന്ന് 2020 ല്‍ കമ്പനി പുതിയ ഗോപ്രോ ക്യാമറ പുറത്തിറക്കില്ലെന്ന ധാരണകളുണ്ടായിരുന്നു. പക്ഷേ അത് നടന്നു. ടോപ്പ്ഫ്‌ലൈറ്റ് സവിശേഷതകളുള്ള ഗോപ്രോ ഹീറോ 9 ബ്ലാക്ക് ആക്ഷന്‍ ക്യാമറ വിപണിയില്‍ പ്രവേശിച്ചു. ആദ്യമായി, ഗോപ്രോ ക്യാമറയില്‍ രണ്ട് നിറമുള്ള ഡിസ്‌പ്ലേകള്‍ ഉള്‍പ്പെടുത്തി. ഹീറോ 9 ബ്ലാക്കിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നായിരുന്നു ഇത്, ഇത് ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് പ്രയോജനകരമാണ്.

കൊറോണയെ തുടര്‍ന്ന് വീഡിയോ കണ്ടന്റ് ക്രിയേറ്റേഴ്‌സ് കൂടുതലായി വീടിനു പുറത്തിറങ്ങിയതും ഗോപ്രോയെ ആശ്രയിച്ചതും വളരെ പെട്ടെന്നായിരുന്നു. ഇതോടെ, ലോക്ക്ഡൗണ്‍ കാലത്ത് ഗോപ്രോ ഉപയോക്താക്കള്‍ മുന്നോട്ട് കുതിച്ചു. യുട്യൂബ് കമ്മ്യൂണിറ്റി പത്ത് ദശലക്ഷം വരിക്കാരിലെത്തി. എന്തായാലും ഈ പോക്ക് തുടര്‍ന്നാല്‍ 2025 ഓടെ ആഗോള ആക്ഷന്‍ ക്യാമറ വിപണിയുടെ വലുപ്പം 8.9 ബില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.