സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 പ്രോയില്‍ മൂന്ന് പ്രധാന അപ്‌ഗ്രേഡുകള്‍ പ്രതീക്ഷിക്കുന്നു. ക്യാമറയിലെ പുതുമകള്‍, ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്ററി ലൈഫ്, പുതിയ നിറങ്ങളും ഡിസൈന്‍ പരിഷ്കാരങ്ങളും എന്നിവയാണ് ഇവ.

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 18 പ്രോ സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. മൂന്ന് പ്രധാന അപ്‌ഗ്രേഡുകളായിരിക്കും ഐഫോണ്‍ 18 വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അവ എന്തൊക്കെയെന്ന് വിശദമായി നോക്കാം.

Add Asianetnews as a Preferred SourcegooglePreferred

1. ക്യാമറ പുതുമകള്‍

ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ക്യാമറ അപ്‌ഗ്രേഡുകള്‍ ഐഫോണ്‍ 18 പ്രോയിലുണ്ടാകും എന്നാണ് മാര്‍ക് ഗുര്‍മാന്‍ പറയുന്നത്. പ്രധാന സെന്‍സറിലെ വേരിയബിള്‍ അപേര്‍ച്വര്‍, വൈഡര്‍ അപേര്‍ച്വര്‍ സഹിതമുള്ള ടെലിഫോട്ടോ ക്യാമറ, പുതുക്കി ഡിസൈന്‍ ചെയ്‌ത ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ എന്നിവയായിരിക്കും ഇത്. ഇവയില്‍ വേരിയബിള്‍ അപേര്‍ച്വറായിരിക്കും ആപ്പിളിന്‍റെ ഏറ്റവും പ്രധാന അപ്‌ഗ്രേഡ്. ഡെപ്‌ത് ഓഫ് ഫീല്‍ഡ് കൃത്യമായി അഡ്‌ജസ്റ്റ് ചെയ്യാന്‍ ഇതിലൂടെയാകും. ടെലിഫോട്ടോ ക്യാമറയിലെ വൈഡര്‍ അപേര്‍ച്വര്‍ ലോ-ലൈറ്റില്‍ പ്രകടനം മികച്ചതാക്കും. ഐഫോണ്‍ 18 പ്രോയ്‌ക്ക് 4എക്‌സ്, 8എക്‌സ് സൂം ഓപ്ഷനുമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

2. എക്കാലത്തെയും മികച്ച ബാറ്ററി ലൈഫ്

ഐഫോണ്‍ 18 പ്രോയില്‍ ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഈ ബാറ്ററിയുടെ പ്രകടനം എ20 പ്രോ ചിപ്പ് മെച്ചപ്പെടുത്തുകയും ചെയ്യും. സി2 മോഡം കൂടുതല്‍ പവര്‍ കാര്യക്ഷമത കൊണ്ടുവരികയും ചെയ്യും. ക്വാല്‍കോമിന്‍റെ 5ജി മോഡത്തിനോട് ബൈ പറഞ്ഞാണ് ആപ്പിള്‍ സ്വന്തം മോഡം വികസിപ്പിച്ചത്.

3. ഡിസൈന്‍ മാറ്റങ്ങള്‍

ഡിസൈന്‍ പരിഷ്‌കാരങ്ങളും പുതിയ നിറം ഓപ്ഷനുകളും ഐഫോണ്‍ 18 പ്രോയെ കൂടുതല്‍ ആകര്‍ഷകമാക്കും എന്നാണ് പ്രതീക്ഷ. ഐഫോണ്‍ 17 പ്രോയോട് ഏതാണ്ട് സാമ്യമായ ഡിസൈനാണ് ഉണ്ടാവുകയെങ്കിലും ഡീപ് റെഡ്, ഡീപ് പര്‍പ്പിള്‍, കോഫി, ഡാര്‍ക് ചെറി തുടങ്ങിയ നിറങ്ങള്‍ പുതിയ ഫോണിന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യമൊന്നും ആപ്പിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഐഫോണ്‍ 18 പ്രോയില്‍ ഡൈനാമിക് ഐലന്‍ഡ് കൂടുതല്‍ നേര്‍ത്തതാകുമെന്നാണ് ലീക്കുകള്‍ പറയുന്നത്. ഇതും പുതിയ ഫോണിനായുള്ള ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് ത്രില്‍ സമ്മാനിക്കുന്നതാണ്. 

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News